ഓണത്തിന്റെ നാളുകൾക്ക് തുടക്കമായി . ചിങ്ങത്തിലെ തിരുവോണത്തിന് മാവേലിയെത്തും പോലെ വാമനന്റെ എഴുന്നള്ളത്ത് ആഘോഷിക്കുന്നൊരു ദിവസം. ഓണത്തിന് 27 ദിവസം മുന്നേ വരുന്ന കര്‍ക്കടകമാസത്തിലെ തിരുവോണം. ചിങ്ങമാസത്തിലെ തിരുവോണം പോലെ തന്നെ മലയാളിക്ക് പ്രിയപ്പെട്ട ഒന്നാണ് കര്‍ക്കടക മാസത്തിലെ തിരുവോണവും. ഇതിനെ ‘പിള്ളേരോണം’ ആയിട്ടാണ് ആഘോഷിക്കുന്നത്. പേരുപോലെ തന്നെ കുട്ടികളുടെ ഓണം. ഈ ദിനത്തിന് വളരെയധികം പ്രത്യേകതകള്‍ ഉണ്ട്. കുട്ടികള്‍ക്ക് വേണ്ടിയാണ് ഈ ദിനത്തില്‍ ഓണം ആഘോഷിക്കുന്നത്. സാധാരണ ഓണം എന്ന പോലെ തന്നെ കോടിയുടുത്ത് സദ്യയൊരുക്കി തന്നെയാണ് പിള്ളേരോണവും ആഘോഷിക്കുന്നത്.
കർക്കടക വറുതിയിൽ ആശ്വാസമായെത്തിയിരുന്ന ഈ ആഘോഷം കുട്ടികളിൽ പലർക്കും ഇന്ന് അറിയില്ല. അത്തം പത്തിന് തിരുവോണമെന്നപോലെ, പണ്ടുകാലത്ത് ഓണത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ ഈ ദിനം മുതല്‍ ആരംഭിക്കുമായിരുന്നത്രേ. പൂവുകൾപറിച്ചും പുത്തൻ കോടിയുമണിഞ്ഞ് പഞ്ഞമാസത്തിലെ ഈ തിരുവോണനാളിനെ കുട്ടികൾ മാത്രമല്ല മുതിർന്നവരും ആഘോഷിച്ചിരുന്നു.






























