ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ നാളായക്ക് ബേട്ട (ഉപയോഗ ശൂന്യനായ ബേട്ട) പരാമർശത്തിൽ കോൺഗ്രസ് നേതാവും എം.എൽ.എയുമായ പ്രിയങ്ക് ഖാർഗെക്കെതിരെ പരാതി. പ്രിയങ്കിനെതിരെ തെരഞ്ഞെടുപ്പ് കമീഷനാണ് കർണാടക ബി.ജെ.പി പരാതി നൽകിയത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ മകനാണ് പ്രിയങ്ക് ഖാർഗെ. മോദിക്കെതിരെ കഴിഞ്ഞ ദിവസം ആഞ്ഞടിച്ച മല്ലികാർജുൻ ഖാർഗെ ‘വിഷപ്പാമ്പ്’ എന്ന് അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് കോൺഗ്രസ് അധ്യക്ഷന്‍റെ മകൻ പ്രിയങ്ക് ഖാർഗെ ‘ഉപയോഗ ശൂന്യനായ ബേട്ട’ എന്ന് മോദിയെ പരിഹസിച്ചത്. കഴിഞ്ഞ ദിവസം കൽബുർഗി സന്ദർശിക്കവെയാണ് ‘ഡൽഹിയിൽ ഇരിക്കുന്ന ബഞ്ചാര സമുദായത്തിൽ നിന്നുള്ള മകൻ’ എന്ന് മല്ലികാർജുൻ ഖാർഗെയെ മോദി വിശേഷിപ്പിച്ചിരുന്നു. മോദിയുടെ പരാമർശത്തെ പരിഹസിച്ച പ്രിയങ്ക്, ‘ഇത്രയും ഉപയോഗശൂന്യനായ മകൻ ഉള്ളപ്പോൾ വീട് എങ്ങനെ നടത്തു’മെന്നാണ് തിരിച്ചടിച്ചത്.