ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയുടെ ഔദ്യോഗിക വസതിയിലെ ഓഫീസ് താല്‍ക്കാലികമായി അടച്ചു. ജീവനക്കാരിയുടെ ഭര്‍ത്താവിന് കോവിഡ് സ്ഥിരീകരിച്ചതോടെയാണിത്. അണുവിമുക്തമാക്കിയതിനുശേഷം വീണ്ടും തുറക്കും. ഭര്‍ത്താവിന് രോഗം സ്ഥിരീകരിച്ച ശേഷം ഓഫീസ് ജീവനക്കാരി രണ്ടു ദിവസമായി ജോലിക്കെത്തിയിരുന്നില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ഈ ജീവനക്കാരി മുഖ്യമന്ത്രിയുമായോ മറ്റു മന്ത്രിമാരുമായോ ഉന്നത ഉദ്യോഗസ്ഥരുമായോ നേരിട്ട് ഇടപഴകിയിട്ടില്ലെന്നാണ് വിവരം.
ഓഫീസ് സന്ദര്‍ശിച്ച ഒരു റെയില്‍വേ ജീവനക്കാരിക്ക് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ബെംഗളൂരുവിലെ ഡിവിഷണല്‍ റെയില്‍വെ മാനേജരുടെ ഓഫീസും നേരത്തേ അണുനശീകരണത്തിനായി അടച്ചിരുന്നു. വിധാന്‍ സൗധക്ക് സമീപത്തെ വികാസ് സൗധയും നേരത്തെ അണുവിമുക്തമാക്കുന്നതിനുവേണ്ടി അടച്ചിട്ടിരുന്നു. ജീവനക്കാരിക്ക് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലായിരുന്നു ഇത്.