പാലക്കാട് : തലശ്ശേരി–മൈസൂരു റെയിൽവേ ലൈൻ നിർദേശം കർണാടക തള്ളുന്നു. സംരക്ഷിത വനമേഖലയിലെ ജീവജാലങ്ങൾക്കും പരിസ്ഥിതിക്കും ഹാനികരം എന്നു ചൂണ്ടിക്കാട്ടിയാണ് നീക്കം. ഇതോടെ കേരളത്തിൽ നിന്ന് മൈസൂരുവിലേക്ക് നേരിട്ട് റെയിൽവേ ലൈൻ എന്ന സ്വപ്നത്തിന് മങ്ങലേൽക്കുകയാണ്.
തിരുവനന്തപുരം–കാസർകോട് അതിവേഗ റെയിൽ പദ്ധതിക്കൊപ്പം 5,000 കോടി രൂപ ചെലവിൽ കേരള റെയിൽ ഡവലപ്മെന്റ് കോർപ്പറേഷൻ ഏറ്റെടുത്ത പദ്ധതിയാണിത്. രണ്ടാം പിണറായി സർക്കാർ അധികാരമേൽക്കുന്നതോടെ ഈ രണ്ടു പദ്ധതികളുടേയും നടത്തിപ്പു വേഗത്തിലാകുമെന്ന് കരുതിയിരുന്നു. വയനാട് ജില്ലയും കേരളത്തിന്റെ റെയിൽ ഭൂപടത്തിലെത്താനുള്ള ഏക സാധ്യതയാണ് ഇതോടെ ഇല്ലാതാകുന്നത്.
കർണാടകത്തിലെ ബന്ദിപ്പൂർ, നാഗർഹോളെ ദേശീയോദ്യാനങ്ങൾക്കും കേരളത്തിലെ വയനാട് വന്യമൃഗ സങ്കേതങ്ങൾക്കും നിർദിഷ്ട റെയിൽവേ ലൈൻ ഗുരുതരമായ പരിസ്ഥിതി ആഘാതം സൃഷ്ടിക്കും എന്നാണ് കർണാടക വനംവകുപ്പിന്റെ വിലയിരുത്തൽ. ഇതേ വിലയിരുത്തൽ വർഷങ്ങൾക്കു മുമ്പ് തന്നെ കേന്ദ്ര പരിസ്ഥിതി മന്ത്രാലയവും നടത്തിയിരുന്നു. വന്യമൃഗങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന കാരണത്താലാണ് അന്ന് ലൈനിന് അനുമതി ലഭിക്കാതിരുന്നത്.
ഇതിന് പരിഹാരമായി വനമേഖലയിൽ ഭൂഗർഭ ടണൽ എന്ന നിർദേശമാണ് വിദഗ്ധർ അന്നു നിർദേശിച്ചത്. എന്നാൽ ഭൂഗർഭ ടണൽ വനത്തിലെ നീരുറവ വറ്റിക്കുമെന്നും അതുവഴി വന്യമൃഗങ്ങളുടെ കുടിവെള്ളം മുട്ടുമെന്നും കർണാടക വനംവകുപ്പ് വിലയിരുത്തി. അതേസമയം തലശ്ശേരി–മൈസൂരു റെയിൽവേ ലൈൻ അപ്രായോഗികമാണെന്ന് വ്യക്തമായിട്ടും കേരള സർക്കാർ അതിനു പിറകെ പോകുന്നത് മൈസൂരു ലൈനിന്റെ സാധ്യത പൂർണമായും ഇല്ലാതാക്കുമെന്ന് റെയിൽവേ വിദഗ്ധർ വ്യക്തമാക്കുന്നു.
കേരളത്തിൽ നിന്ന് മൈസൂരുവിലേക്കുള്ള ഏറ്റവും എളുപ്പവഴി നിലമ്പൂർ–ചാമരാജ്നഗർ ലൈനാണ്. ആകെ 132 കിലോമീറ്റർ മാത്രമാണ് ഈ നിർദിഷ്ട ലൈനിന്റെ ദൂരം. ഈ ലൈൻ നടപ്പായാൽ ഷൊർണൂരിൽ നിന്ന് ആറു മണിക്കൂർ കൊണ്ട് മൈസൂരുവിലെത്താനാവും (ഇപ്പോൾ എടുക്കുന്ന സമയം 12 മണിക്കൂർ).
തിരുവനന്തപുരം മുതൽ കോഴിക്കോട് വരെയുള്ള 12 ജില്ലകളിൽ നിന്ന് ബെംഗളൂരുവിൽ പോകാതെ മൈസൂരുവിലെത്താനുള്ള എളുപ്പവഴിയാണിത്. തലശ്ശേരി ലൈനാകട്ടെ കണ്ണൂർ, കാസർകോട് എന്നീ രണ്ടു ജില്ലകൾക്ക് മാത്രമാണ് ഉപകരിക്കുക. രാഷ്ട്രീയ കാരണങ്ങളാൽ സർക്കാർ നിലമ്പൂർ ലൈനിനെ അവഗണിക്കുകയാണെന്ന് പരാതിയുണ്ട്.
എന്നാൽ നിലമ്പൂർ ലൈനും ഇതേ സംരക്ഷിത വനമേഖലയിൽ കൂടിയാണ് കടന്നു പോകുന്നത്. അതു കൊണ്ടു തന്നെ പരിസ്ഥിതി അനുമതി കടമ്പയാവുകയും ചെയ്യും. ഇക്കാര്യത്തെപ്പറ്റി പഠിച്ച ഡൽഹി മെട്രോ റെയിൽ കോർപറേഷൻ ഈ ദൗർബല്യങ്ങൾ മറികടക്കാനുള്ള പദ്ധതികളും നിർദേശിച്ചിരുന്നു. ഭൂഗർഭ–ഉപരിതല ഇടനാഴികൾ വഴി ആഘാതം കുറയ്ക്കാനാവും എന്നായിരുന്നു നിർദേശം. അതായത് മെട്രോ റെയിൽ മാതൃകയിൽ സാഹചര്യത്തിനനുസരിച്ച് ഭൂഗർഭ പാതയും റെയിൽ മേൽപ്പാലവും നിർമിച്ച് ലൈൻ നിർമിക്കുന്ന പദ്ധതി. ഈ പദ്ധതിക്ക് പക്ഷേ കേരള സർക്കാരും പച്ചക്കൊടി കാണിച്ചിട്ടില്ല.