ദില്ലി: കാവേരി വിഷയത്തില്‍ തീരുമാനം കടുപ്പിച്ച് കര്‍ണാടക. കാവേരി, കൃഷ്ണ നദീതടങ്ങളില്‍ കടുത്ത വരള്‍ച്ച നേരിടുന്നതിനാല്‍ സെപ്റ്റംബര്‍ 12ന് ശേഷം തമിഴ്നാടിന് കൂടുതല്‍ ജലം വിട്ടുനല്‍കുന്നത് പ്രായോഗികമല്ലെന്ന് കര്‍ണാടക സുപ്രീംകോടതിയില്‍ അറിയിച്ചു. കാവേരി നദീജലം പങ്കിടല്‍ വിഷയത്തില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കര്‍ണാടക തീരുമാനം വ്യക്തമാക്കിയത്.
ദിവസേന 24,000 ക്യൂസെക്‌സ് വെള്ളം പുറത്തുവിടണമെന്ന് കര്‍ണാടകയോട് നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ അപേക്ഷയ്ക്ക് മറുപടിയായിട്ടാണ് സത്യവാങ്മൂലം സമര്‍പ്പിച്ചത്. തമിഴ്നാട് വിവേകപൂര്‍വമായി വെള്ളം ഉപയോഗിച്ചിരുന്നെങ്കില്‍ കുറേ നാളത്തേയ്ക്ക് കൂടി ജലം ലഭിക്കുമായിരുന്നു എന്ന് കേന്ദ്ര പ്രതിനിധി 23-ാമത് കാവേരി വാട്ടര്‍ മാനേജ്മെന്റ് അതോറിറ്റിയുടെ (സി.ഡബ്ല്യൂ.എം.എ) യോഗത്തില്‍ പറഞ്ഞതും സത്യവാങ്മൂലത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.