അടൂര്‍ : ലോക് ഡൗണിനെത്തുടര്‍ന്നു മരുന്നിന് ഒരാഴ്ചയായി ബുദ്ധിമുട്ടനുഭവിച്ച അടൂര്‍ പറക്കോട് കുട്ടിത്തറയില്‍ കാര്‍ത്ത്യായിനിയമ്മയ്ക്കും കുടുംബത്തിനും ആശ്വാസമായി ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ. ദീര്‍ഘനാളായി ശ്വാസകോശ സംബന്ധമായ രോഗത്തിനു ചികിത്സയിലാണു കാര്‍ത്ത്യായിനിയമ്മ. മകനൊപ്പമാണ് താമസം. ലോക്ക് ഡൗണായതിനാല്‍ മകന് പണിയും ജോലി ഇല്ലാതായി. ഒരാഴ്ചയായി മരുന്നില്ലാതായിട്ട്. അമ്മയുടെ ബുദ്ധിമുട്ട് അറിഞ്ഞ് ചിറ്റാറില്‍ താമസിക്കുന്ന ഇവരുടെ മകള്‍ പ്രഭ, ചിറ്റാര്‍ പഞ്ചായത്ത് അംഗം ഷൈലജാ ബീവി എന്നിവര്‍ ചിറ്റയം ഗോപകുമാര്‍ എം.എല്‍.എയെ ഫോണില്‍ വിളിച്ച് വിവരം ധരിപ്പിച്ചതോടെയാണ് ഇവരുടെ അവസ്ഥയ്ക്ക് മാറ്റമായത്.
എം.എല്‍.എയുടെ നിര്‍ദേശമനുസരിച്ച് ആശാ വര്‍ക്കര്‍ വീട്ടിലെത്തി മരുന്നിന്റെ വിവരങ്ങള്‍ എം.എല്‍.എയെ ധരിപ്പിച്ചു. പിന്നീട് ഒട്ടും താമസിച്ചില്ല, മരുന്നും ഇവര്‍ക്കുള്ള ഭക്ഷണവുമായി നേരിട്ട് എം.എല്‍.എ എത്തി. ഇവര്‍ക്ക് പെന്‍ഷന്‍ കിട്ടിയില്ലെന്ന് അറിഞ്ഞ് ഉടന്‍തന്നെ പെന്‍ഷന്‍ ലഭിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുകയും 10900 രൂപാ പെന്‍ഷനായി കാര്‍ത്യായിനിയമ്മയ്ക്ക് ലഭിക്കുകയും ചെയ്തു. സാമൂഹ്യ പ്രവര്‍ത്തകന്‍ ജോര്‍ജ് മുരിക്കന്‍, രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകന്‍ ഇ.കെ.സുരേഷ് എന്നിവരും എം.എല്‍.എയ്ക്ക് ഒപ്പം ഉണ്ടായിരുന്നു.