ആരോഗ്യരംഗത്ത് കാസര്‍കോട് ജില്ലയുടെ പിന്നോക്കാവസ്ഥ എല്ലാക്കാലത്തും ചര്‍ച്ചയാകാറുണ്ട്. കേരളത്തിലെ ആരോഗ്യ മേഖല നമ്പര്‍ വണ്‍ ആണെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും കാസര്‍കോടിനോട് പൊതുവേ മുഖംതിരിച്ച സമീപനമാണ് സംസ്ഥാന സര്‍ക്കാരില്‍ നിന്നും ഉണ്ടാകുന്നത്. ജില്ലയിലെ ആരോഗ്യമേഖലയില്‍ ആവശ്യത്തിന് ജീവക്കാരില്ലെന്നും പ്രതിസന്ധിയില്‍ക്കൂടിയാണ് മുമ്പോട്ടു പോകുന്നതെന്നും അധികൃതര്‍ തന്നെ തുറന്നു സമ്മതിക്കുമ്പോള്‍ ജനം മൂക്കത്ത് വിരല്‍ വെക്കുകയാണ്. കഴിഞ്ഞ ദിവസം ജില്ലാ കളക്‌ടര്‍ കെ.ഇമ്പശേഖര്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനം ഇപ്പോള്‍ ഏറെ ചര്‍ച്ചയാകുകയാണ്. വിവിധ സര്‍ക്കാര്‍ ആശുപത്രികളിലേക്ക് ഡോക്‌ടര്‍മാരെയും മറ്റ് മെഡിക്കല്‍ ജീവനക്കാരെയും ആവശ്യമുണ്ടെങ്കിലും കാസര്‍കോട് ജില്ലയിലേക്ക് വരാന്‍ ആരും തയ്യാറാകാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. ജില്ലയില്‍ ആരോഗ്യവകുപ്പിന്റെ 300 ഓളം ഒഴിവുകള്‍ നിയമനംകാത്തു കിടക്കുകയാണ്. 52 ഡോക്‌ടര്‍മാരുടെയും 40 അസിസ്‌റ്റന്റ് സര്‍ജന്മാരുടെയും ഒഴിവുകളും ഇതില്‍ ഉള്‍പ്പെടുന്നു. ഡോക്‌ടറുമാരുടെ ക്ഷാമം ദിനംപ്രതി രൂക്ഷമാകുന്നതോടെ കാസര്‍കോടിന്റെ ആരോഗ്യവും ക്ഷയിച്ചു തുടങ്ങിയിരിക്കുകയാണ്.
കാസര്‍കോടിലേക്കുള്ള നിയമനം പൊതുവേ ജയില്‍ ശിക്ഷയ്ക്ക് സമാനമായി കണക്കാക്കുന്നവരാണ് കൂടുതലും. മറ്റ് ജില്ലകളിലെ നിയമനത്തിനായി പരസ്‌പരം മത്സരിക്കുമ്പോള്‍ ഡോക്‌ടര്‍മാരെ കാത്ത് ഒരു ജില്ല മുഴുവന്‍ കഴിയുന്നു എന്നത് ഏറെ ദുസ്സഹമാണ്. ജില്ലയില്‍ നിയമിതരാകുന്ന ജീവനക്കാര്‍ സ്ഥലംമാറിയും ഡപ്യൂട്ടേഷനിലുമായി ഇതര ജില്ലകളിലേക്ക് പോകുന്നതും അവധിയെടുക്കുന്നതും ജില്ലയിലെ ആരോഗ്യമേഖലയെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നുണ്ട്. ഇതില്‍ തന്നെ ഏറെ നാളത്തെ കാത്തിരിപ്പിനും പ്രതിഷേധത്തിനുമൊടുവില്‍ പ്രവര്‍ത്തനം തുടങ്ങിയ ആശുപത്രിയാണ് കാഞ്ഞങ്ങാട്ടെ അമ്മയും കുഞ്ഞും ആശുപത്രി. എന്നാല്‍ 100 ഓളം ജീവനക്കാര്‍ ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായിട്ടും ആകെ നിയമിച്ചത് 12 ജീവനക്കാരെ മാത്രമാണ്. മറ്റ് ജില്ലകളെ അപേക്ഷിച്ച് കാസര്‍കോട് ജില്ലയിലെ അടിസ്ഥാന സൗകര്യമില്ലായ്‌മ, സര്‍ക്കാരിന്റെ അലംഭാവം എന്നിവയ്‌ക്ക് പുറമെ ഇവിടെ നിയമിതരായാല്‍ ജീവിതത്തെ വരെ ബാധിക്കുമെന്ന ചിന്തയുമാണ് പലരെയും ഇവിടേക്ക് അടുപ്പിക്കാത്തത്.
മഴക്കാലവും പനിക്കാലവും എത്തുന്ന അവസരങ്ങളില്‍ രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്നതും ജില്ലയിലെ ആരോഗ്യമേഖലയെ പ്രതിസന്ധിയിലാക്കുന്നുണ്ട്. പകല്‍നേരത്ത് അത്യാഹിത വിഭാഗങ്ങളും ഒപി വിഭാഗങ്ങളും ഉള്‍പ്പെടെ നിലവിലുള്ള ഡോക്‌ടര്‍മാരെ വെച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഒപിയില്‍ കൂടുതല്‍ ഡോക്‌ടര്‍മാരെ വെച്ചാല്‍ രാത്രികാല സേവനം നിര്‍ത്തേണ്ട സ്ഥിതിയുമുണ്ട്. ഇതോടെ അത്യാസന്ന നിലയിലുള്ള രോഗികള്‍ അയല്‍സംസ്ഥാനത്തെ ആശുപത്രികളെ ആശ്രയിക്കേണ്ടിവരും. കാസര്‍കോടിന്റെ ദയനീയാവസ്ഥ മാറിമാറി വരുന്ന സര്‍ക്കാരുകള്‍ പല സാഹചര്യങ്ങളിലും ചര്‍ച്ച ചെയ്‌തിട്ടുണ്ടെങ്കിലും ഇതിന് ഒരു ശാശ്വത പരിഹാരം കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. ആരോഗ്യമേഖലയില്‍ വേണ്ടത്ര വികസനപ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്തുണ്ടായി എന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും വികസനം എത്തേണ്ടിടത്ത് എത്തുന്നില്ല എന്നതിന്റെ തെളിവായി കാസര്‍കോട് നമ്മുടെ മുമ്പില്‍ നില്‍ക്കുന്നു.