തിരുവനന്തപുരം : യൂത്ത് കോൺഗ്രസ് നേതാവ് പ്രതിയായ കാസർഗോഡ് എംഡിഎംഎ കേസ് അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് വിവിധയിടങ്ങളിൽ പ്രതിഷേധ മാർച്ചുമായി ഡിവൈഎഫ്‌ഐ. തിരുവനന്തപുരത്ത് ഡിജിപി ഓഫീസിലേക്കും കാസർഗോഡ് ഹൊസ്ദുർഗിലെ ഡിവൈഎസ്പി ഓഫീസിലേക്കും മാർച്ച് നടത്തി. മാർച്ചുകളിൽ സംഘർഷമുണ്ടായതിനെ തുടർന്ന് പോലീസ് ജലപീരങ്കി പ്രയോഗിച്ചു. തിരുവനന്തപുരത്തെ മാർച്ചിൽ സംസ്ഥാന പ്രസിഡന്റ് ചിന്താ ജെറോം, സെക്രട്ടറി എം. വിജിൻ എന്നിവർ പങ്കെടുത്തു. യൂത്ത് കോൺഗ്രസ് പ്രവർത്തകനും മുഖ്യമന്ത്രിയും ഒരുമിച്ചുള്ള ഫോട്ടോയും കയ്യിൽ പിടിച്ചാണ് പ്രവർത്തകർ എത്തിയത്.
പോലീസിനുനേരെ പ്രവർത്തകർ കല്ലും കൊടിയും വലിച്ചെറിഞ്ഞു. ബാരിക്കേഡിനു മുകളിൽ കയറി പ്രവർത്തകർ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് മുദ്രാവാക്യം വിളിച്ചു. കാസർഗോഡ് മാർച്ചിൽ ബാരിക്കേഡ് ഉപയോഗിച്ച് പോലീസ് പ്രവർത്തകരെ തടഞ്ഞതിനെ തുടർന്ന് നേരിയ സംഘർഷമുണ്ടായി. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്കുനേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചെങ്കിലും കയറുകൾ മുറിച്ച് പ്രവർത്തകർ ബാരിക്കേഡ് മറികടന്ന് മുന്നോട്ടുപോയി. തുടർന്ന് ഡിവൈഎസ്പി ഓഫീസിന് മുന്നിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. മുഖ്യമന്ത്രി വി.ഡി. സതീശനുമായി അടുത്ത ബന്ധമുണ്ടെന്ന് ആരോപണമുയർന്ന മുഹമ്മദ് ഹുസൈൻ ഉൾപ്പെടെയുള്ളവർ പ്രതികളായ എംഡിഎംഎ കേസിന്റെ അന്വേഷണം മന്ദഗതിയിലാണെന്നാണ് ഡിവൈഎഫ്‌ഐയുടെ ആരോപണം.
കാലിക്കടവിൽ വെച്ചാണ് 139.29 ഗ്രാം എംഡിഎംഎയുമായി ഹുസൈൻ ഉൾപ്പെടെ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തത്. കേസിൽ പ്രധാന കണ്ണിയായ മലയാളി യുവതി റിയ, ഘാന സ്വദേശി വിക്ടർ എന്നിവരെ കഴിഞ്ഞദിവസം പോലീസ് പിടികൂടിയിരുന്നു. റിയയെ ഗ്വാളിയോറിൽനിന്നും വിക്ടറിനെ കൊല്ലത്തുനിന്നുമാണ് അന്വേഷണസംഘം പിടികൂടിയത്. കേസിലെ അന്താരാഷ്ട്ര ബന്ധവും യുവതിക്കുവേണ്ടിയുള്ള തിരച്ചിലും നേരത്തെതന്നെ അന്വേഷണ സംഘം ശക്തമാക്കിയിരുന്നു. സംഘത്തിലുണ്ടായിരുന്ന യുവതി ആരാണ് എന്നത് സംബന്ധിച്ച വിശദാന്വേഷണവും പോലീസ് ശക്തമാക്കിയിരുന്നു.
ഇതിനിടെയാണ് ഗ്വാളിയോറിൽനിന്ന് റിയയെ പിടികൂടിയത്. ഘാന സ്വദേശി വിക്ടറിനെ പിടികൂടിയതിലൂടെ സംഘത്തിന്റെ അന്താരാഷ്ട്ര ബന്ധവും സംശയിക്കുന്നുണ്ട്. പ്രത്യേകാന്വേഷണ സംഘം നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് ശൃംഖലയുടെ നിർണായക കണ്ണികൾ വലയിലായത്.


































