റാന്നി : പമ്പാനദിയിലെ കണമലയില്‍ മലവെള്ളപ്പാച്ചിലില്‍ ഒഴുകിയെത്തിയ കാട്ടാനയുടെ ജഢം പോസ്റ്റുമോര്‍ട്ടം നടത്തി മറവു ചെയ്തു. തുലാപ്പള്ളി കിസുമത്തിനു സമീപം മൂലക്കയം കടവില്‍ തിങ്കളാഴ്ച രാത്രി ഒമ്പതോടെ കണ്ടെത്തിയ മൂന്നു വയസ് പ്രായം വരുന്ന കൊമ്പനാനയുടെ ജഢമാണ് മറവു ചെയ്തത്. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴയിൽ ശബരിമല വനത്തില്‍ നിന്നും മലവെള്ളപ്പാച്ചലില്‍ വീണു ഒഴുക്കില്‍പ്പെട്ടതാകാമെന്നാണ് നിഗമനം.
കാട്ടാനയുടെ നാലോളം വാരിയെല്ലുകള്‍ തകര്‍ന്നിരുന്നു. ഉയര്‍ന്ന സ്ഥലത്തു നിന്നും വീണതില്‍ ഉണ്ടായ ഒടിവാണെന്ന് അധികൃതര്‍ പറഞ്ഞു. കാട്ടാനയുടെ ജഢം രാത്രി തന്നെ കണമല വനം സ്റ്റേഷനിലെ വനപാലകരുടെയും നാട്ടുകാരുടേയും നേതൃത്വത്തില്‍ കരയിലേക്ക് അടുപ്പിച്ചിരുന്നു. ഇന്നലെ രാവിലെ മണ്ണുമാന്തി യന്ത്രത്തിന്‍റെ സഹായത്തോടെ കണമല വനം സ്റ്റേഷന്‍ വളപ്പിലേക്ക് ആനയെ മാറ്റി.
അവിടെ വച്ചു തന്നെ പോസ്റ്റുമോര്‍ട്ടം നടത്തി തേക്കു തോട്ടത്തില്‍ മറവു ചെയ്തു. ഫോറസ്റ്റ് വെറ്റിനറി സര്‍ജന്‍ ശ്യാംമോഹന്‍റെ നേതൃത്വത്തിലാണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്. ഫ്ലൈയിംങ് സ്ക്വാഡ് ഡി.എഫ്.ഒ ബൈജു കൃഷ്ണ, റാന്നി ഫ്ലൈയിംങ് സ്ക്വാഡ് റേഞ്ച് ഓഫീസര്‍ ശരത് ചന്ദ്രന്‍, റാന്നി റേഞ്ച് ഓഫീസര്‍ കെ.എസ് മനോജ്, കണമല ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ എം രാജ്മോഹന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ആനയെ മറവു ചെയ്തത്.