കൊച്ചി : ആർഎസ്‌എസ് നേതാവ് കതിരൂർ എളന്തോടത്ത് മനോജ് വധക്കേസിൽ സിപിഎം നേതാവ് പി. ജയരാജൻ അടക്കമുള്ളവർക്കെതിരെ യുഎപിഎ ((നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം) നിലനിൽക്കും. പ്രതികൾ നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. യുഎപിഎ നിലനിൽക്കുമെന്ന സിംഗിൾ ബെഞ്ച് വിധിക്കെതിരെയാണ് അപ്പീൽ നൽകിയത് . കേസിലെ 25–ാം പ്രതിയായ പി.ജയരാജനാണു കൊലയ്ക്കു പിന്നിലെ മുഖ്യ ആസൂത്രകനെന്നാണു സിബിഐ കണ്ടെത്തൽ. സിപിഎം പയ്യന്നൂർ ഏരിയ സെക്രട്ടറി ടി.ഐ.മധുസൂദനൻ, തലശേരി ഇൗസ്റ്റ് കതിരൂർ സ്വദേശികളായ കുന്നുമ്മൽ റിജേഷ്, കട്ട്യാൽ മീത്തൽ മഹേഷ്, കുളപ്പുറത്തുകണ്ടി സുനിൽകുമാർ, കണ്ണൂർ കതിരൂർ ചുണ്ടങ്ങാപ്പൊയിൽ മംഗലശേരി വി.പി.സജിലേഷ് എന്നിവരാണു മറ്റു പ്രതികൾ.
ആർഎസ്എസ് കണ്ണൂർ ജില്ലാ ശാരീരിക് ശിക്ഷൺ പ്രമുഖായിരുന്ന മനോജ് 2014 സെപ്റ്റംബർ ഒന്നിനാണു കൊല്ലപ്പെട്ടത്. സിപിഎം പ്രവർത്തകരും അനുഭാവികളുമായവരുടെ കുടുംബത്തിലെ അംഗമായിരുന്ന മനോജ്, പിതാവിന്റെ മരണശേഷം ആർഎസ്എസിലേക്ക് ആകർഷിക്കപ്പെട്ടു. കണ്ണൂരിൽ പ്രവർത്തകർ സിപിഎം വിട്ടുപോവുന്ന പ്രവണത തടയാനായി 1997ൽതന്നെ മനോജിനെ കൊലപ്പെടുത്താൻ ശ്രമം നടന്നിരുന്നു. ഇതിനിടെ 1999ൽ പി.ജയരാജനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മനോജും പ്രതിയായി. 2009ൽ വീണ്ടും മനോജിനെ വധിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടെന്നാണു അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.