ഇടുക്കി: കട്ടപ്പന പാറക്കടവിലുള്ള കെജീസ് എസ്റ്റേറ്റിൽ നിന്നും 300 കിലോ ഏലക്ക മോഷ്ടിച്ച നാലംഗ അംഗത്തിൽ ഒരാളെ കട്ടപ്പന പോലീസ് പിടികൂടി. ശാന്തംപാറ സ്വദേശിയും പുളിയൻമലയിൽ വാടകയ്ക്ക് താമസിക്കുന്നതുമായ എസ്ആർ ഹൗസിൽ സ്റ്റാൻലിയാണ് പിടിയിലായത്. കേസിൽ മൂന്ന് പേർ കൂടി പിടിയിലാകാനുണ്ട്. കഴിഞ്ഞമാസം പതിനഞ്ചാം തീയതിയാണ് കട്ടപ്പന പാറക്കടവിലുള്ള കെജീസ് എസ്റ്റേറ്റിലെ സ്റ്റോറിൽ ചാക്കിൽ കെട്ടി സൂക്ഷിച്ചിരുന്ന 300 കിലോ ഉണക്ക ഏലക്ക മോഷണം പോയത്. ഉടമയുടെ പരാതിയിൽ കട്ടപ്പന പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. അന്വേഷണത്തിൻ്റെ ഭാഗമായി പ്രദേശത്തെ സിസിടിവി ക്യാമറ ദൃശ്യങ്ങൾ ശേഖരിച്ചിരുന്നു. ഏതാനും ദിവസങ്ങൾക്ക് ശേഷം സ്റ്റാൻലിയെ കാണാനില്ലെന്ന് വീട്ടുകാർ വണ്ടൻമേട് പോലീസിൽ പരാതി നൽകി. തുടർന്ന് പോലീസ് സ്റ്റാൻലിയുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് ഏലക്ക കണ്ടെത്തിയത്. ഇതാണ് മോഷണ കേസിൽ വഴിത്തിരിവായത്.
രഹസ്യ വിവരത്തെ തുടർന്ന് വണ്ടൻമേട് ഭാഗത്ത് വെച്ച് സ്റ്റാൻലിയെ പോലീസ് കസ്റ്റഡിയിലെടുത്തു. വിശദമായ ചോദ്യം ചെയ്യലിലാണ് മോഷണം വിവരം ഇയാൾ പോലീസിനോട് വ്യക്തമാക്കിയത്. സ്റ്റാൻലിയും പുളിയന്മല സ്വദേശികളായ മറ്റു മൂന്ന് പേരും ചേർന്നാണ് മോഷണം നടത്തിയത്. സ്റ്റാൻലിയാണ് മോഷണ മുതൽ കൊച്ചറ, അണക്കര എന്നിവിടങ്ങളിലെ അഞ്ച് മലഞ്ചരക്ക് വ്യാപാര സ്ഥാപനങ്ങളിൽ ചില്ലറയായി വില്പന നടത്തിയത്. ഏലക്കൃഷിയുള്ള ആളായതിനാലാണ് സ്റ്റാൻലിയെ ഏലക്ക വിൽക്കാൻ സംഘം നിയോഗിച്ചത്. കിട്ടിയ പണം മറ്റുള്ള രണ്ടുപേരുടെ അക്കൗണ്ടിലേക്കും നിക്ഷേപിച്ചു. ബാക്കി വന്ന ഏലക്കയാണ് സ്റ്റാലിയുടെ വീട്ടിൽ സൂക്ഷിച്ചിരുന്നത്. തെളിവെടുപ്പിൽ അണക്കരയിലെയും കൊച്ചറയിലെയും കടകളിൽ വിറ്റ ഏലക്കയും കണ്ടെത്തി. ഇതോടെ മോഷണം പോയ മുഴുവൻ ഏലക്കയും തിരിച്ചു കിട്ടിയതായി പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. മോഷണം മുതൽ വിൽക്കാൻ കൊണ്ടുപോയ സ്റ്റാൻലിയുടെ വാഹനവും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഒളിവിൽ കഴിയുന്ന മൂന്ന് പേരെ കണ്ടെത്താനുള്ള അന്വേഷണം പോലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്.