കായംകുളം : കായംകുളത്ത് എൻടിപിസിയുടെ സാമ്പത്തിക സഹായത്തിൽ പ്രവർത്തിച്ചിരുന്ന കേന്ദ്രീയ വിദ്യാലയ സ്‌കൂൾ അടച്ചുപൂട്ടുന്നു. 2022-23 അധ്യയനവർഷം മുതൽ സ്‌കൂൾ പ്രവർത്തിക്കില്ലെന്നാണ് രക്ഷിതാക്കളെ അറിയിച്ചത്. സ്‌കൂളിലേക്കുള്ള പുതിയ പ്രവേശനവും നിലവിൽ നിർത്തി വച്ചിരിക്കുകയാണ്.
ആലപ്പുഴ ജില്ലയിലെ ഏക കേന്ദ്രീയ വിദ്യാലയമാണ് അടച്ചു പൂട്ടുന്നത്. കായംകുളം എൻടിപിസി താപനിലയത്തിനൊപ്പമാണ് സ്‌കൂളും ആരംഭിച്ചത്. എന്നാൽ താപനിലയം അടച്ചു പൂട്ടിയതോടെ സ്‌കൂളിന്റെ പ്രവർത്തനം അവതാളത്തിലായി. ഇതോടെ അവിടെ പഠിക്കുന്ന 900 ൽ അധികം കുട്ടികളുടെ ഭാവിയും അനിശ്ചിതാവസ്ഥയിലായിരിക്കുകയാണ്.
സ്‌കൂൾ പൂട്ടുന്നതുമായി ബന്ധപ്പെട്ട് നേരത്തെ അഭ്യൂഹങ്ങൾ ഉയർന്നിരുന്നെങ്കിലും വിഎംസി യോഗത്തിൽ അധികൃതർ വിവരം സ്ഥിരീകരിച്ചതോടെയാണ് ഇക്കാര്യം ഉറപ്പായത്. ഒന്ന് മുതൽ പ്ലസ്ടു വരെയുള്ള ക്ലാസുകളാണ് സ്‌കൂളിൽ ഉള്ളത്. പെട്ടെന്ന് സ്‌കൂൾ അടച്ച് പൂട്ടാനുള്ള തീരുമാനം വന്നതോടെ സിലബസിന്റെ ഭാഗമായി മലയാളം പഠിക്കാത്ത കൂട്ടികളെ എവിടെ പഠിപ്പിക്കുമെന്നതിലാണ് രക്ഷിതാക്കൾക്ക് ആശങ്ക. താപനിലയ പദ്ധതിയുടെ ഭാഗമായുളള സ്‌കൂളിനെ സിവിലിയൻ സ്‌കൂളാക്കിയാൽ അടച്ച് പൂട്ടലിൽ നിന്ന് രക്ഷിക്കാൻ കഴിയുമെന്നാണ് രക്ഷിതാക്കൾ പറയുന്നത്.