കായംകുളം : കായംകുളം നഗരത്തിലെ മാലിന്യ നിര്‍മാര്‍ജനത്തിന് വഴിയൊരുങ്ങുന്നു. മൂന്ന് കോടി 33 ലക്ഷം രൂപ ചെലവഴിച്ചാണ് സംസ്‌ക്കരണ പ്ലാന്റ് നിര്‍മിക്കാന്‍ നഗരസഭ ഒരുങ്ങുന്നത്. കായംകുളം നഗരത്തിലെ മാലിന്യ സംസ്‌കരണം സംബന്ധിച്ച നടപടികള്‍ ഇഴഞ്ഞ് നീങ്ങാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. പദ്ധതികള്‍ പലതും കൊണ്ട് വന്നെങ്കിലും ഒന്നും നടപ്പിലായില്ല. എന്നാല്‍ ഇപ്പോള്‍ കായംകുളം നഗര നിവാസികളുടെ ഈ കാത്തിരിപ്പിനാണ് വിരാമമാകുന്നത്. ശുചിത്വമിഷന്‍ വഴി രണ്ട് കോടി 37 ലക്ഷം രൂപയും പ്ലാന്‍ ഫണ്ടില്‍ നിന്നും 98 ലക്ഷം രൂപം കൂടി ചെലവഴിച്ചാണ് മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കാനൊരുങ്ങുന്നത്.
പ്ലാന്റിന് ഭരണാനുമതിയായതോടെ ഒരു വര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കാനാണ് നഗരസഭ ലക്ഷ്യമിടുന്നത്. എന്നാല്‍ യുഡിഎഫ് നഗരസഭാ ഭരണ കാലത്ത് കൊണ്ട് വന്ന പദ്ധതി കഴിഞ്ഞ എല്‍ഡിഎഫ് ഭരണ സമിതി അട്ടിമറിച്ചത് കൊണ്ടാണ് പദ്ധതിക്ക് ഇത്രയും കാലതാമസം നേരിട്ടതെന്നാണ് യുഡിഎഫ് ആരോപണം. രാഷ്ട്രീയ ആരോപണ പ്രത്യാരോപണങ്ങള്‍ നിറയുമ്പോഴും മാലിന്യ സംസ്‌കരണ പ്ലാന്റ് വരുന്നതോടെ തങ്ങളുടെ പ്രശ്‌നത്തിന് ശാശ്വത പരിഹാരമാകുമെന്ന ആശ്വാസത്തിലാണ് പ്രദേശവാസികള്‍.