തിരുവനന്തപുരം : കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രമേയം പാസാക്കാന്‍ ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ ഗവര്‍ണര്‍ക്കെതിരെ പ്രതികരിച്ച് കെ.സി. ജോസഫ് എംഎല്‍എ. സഭ ചേരാനിരുന്നത് ഈ മാസം 23 നായിരുന്നു. മന്ത്രിസഭ ചേര്‍ന്ന് എടുത്ത തീരുമാനം ഗവര്‍ണര്‍ നിരാകരിച്ചത് ജനാധിപത്യത്തോടുള്ള വലിയ വെല്ലുവിളിയും അവഗണനയുമാണ്. ഗവര്‍ണറുടെ നടപടിയോട് സര്‍ക്കാരിന്റെ പ്രതികരണം ശക്തമാകേണ്ടതായിരുന്നു. എന്നാല്‍ രണ്ടാമതും ശുപാര്‍ശ നല്‍കുകയായിരുന്നു. മന്ത്രിമാരെ ഗവര്‍ണറുടെ അടുക്കലേക്ക് അയച്ച് കാലുപിടിച്ച് സഭ ചേരേണ്ട ആവശ്യമില്ലായിരുന്നു. ഇത് ആരുടെയും ഔദാര്യത്തിന്റെ പ്രശ്‌നമല്ല. സര്‍ക്കാരിന്റെ അവകാശമാണെന്നും കെ.സി. ജോസഫ് പറഞ്ഞു. പ്രമേയത്തോട് യോജിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെയുള്ള പ്രമേയം മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയില്‍ അവതരിപ്പിച്ചു. രാജ്യ തലസ്ഥാനം ഐതിഹാസിക പ്രക്ഷോഭത്തിന് സാക്ഷ്യം വഹിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. വില തകര്‍ച്ചയും കര്‍ഷക ആത്മഹത്യയും വലിയ പ്രശ്നമാണ്. കേന്ദ്ര നിയമം കര്‍ഷക രംഗത്ത് വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. കേന്ദ്ര നിയമ ഭേദഗതി കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി മാത്രമുള്ളതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കര്‍ഷക പ്രക്ഷോഭം തുടര്‍ന്നാല്‍ അത് കേരളത്തെ വലിയ രീതിയില്‍ ബാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.