കണ്ണൂര്‍: തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ഇരിക്കൂര്‍ എംഎല്‍എ കെസി ജോസഫ്. ഒരു വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കെ.സി ജോസഫ് തന്റെ നിലപാട് വ്യക്തമാക്കിയത്. 39 വര്‍ഷമായി ഇരിക്കൂറിനെ പ്രതിനിധീകരിച്ച് വിജയിച്ച കെ.സി ജോസഫ് പുതിയ ആളുകള്‍ കടന്നു വരുന്നതിനു വേണ്ടിയാണ് മാറിനില്‍ക്കുന്നതെന്ന് വ്യക്തമാക്കി. കെസിയുടെ നിലപാടിനെ യുവജനസംഘടനകളടക്കം സ്വാഗതം ചെയ്തിട്ടുണ്ട്.
ഇരിക്കൂറില്‍ നിന്നും എട്ട് തെരഞ്ഞെടുപ്പില്‍ മത്സരിച്ചു. എട്ടുതവണയും വിജയിച്ചു. ഇനി വരാന്‍ പോകുന്നത് ഒന്‍പതാമത്തെ തെരഞ്ഞെടുപ്പാണ്. ഇത്തവണ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടെന്നാണ് തീരുമാനമെന്നും തന്റെ തീരുമാനം പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും കെസി ജോസഫ് പറഞ്ഞു. കോണ്‍ഗ്രസിന്റെ മണ്ഡലങ്ങളില്‍ ഇരിക്കൂറില്‍ നിന്നും പുതുപ്പള്ളിയില്‍ നിന്നുമാണ് തുടര്‍ച്ചയായി ഒരാള്‍ വിജയിക്കുന്നതെന്നും പരാജയമറിയാതെ ജയിക്കാനായത് മണ്ഡലത്തിലെ ജനങ്ങളുടെ സ്നേഹം കൊണ്ടാണെന്നും കെസി ജോസഫ് പറഞ്ഞു.
1982 ലാണ് കെ.സി ജോസഫ് ആദ്യമായി ഇരിക്കൂറില്‍ മത്സരിക്കുന്നത്. പതിനായിരത്തിനടുത്ത് ഭൂരിപക്ഷത്തിനാണ് അന്നു വിജയിച്ചത്. പിന്നീടിതുവരെ കെ.സിക്കു പരാജയത്തിന്റെ രുചി അറിയേണ്ടി വന്നിട്ടില്ല. എന്നാല്‍ 2006ല്‍ മാത്രമാണ് ഭൂരിപക്ഷം രണ്ടായിരത്തിലേക്ക് താഴ്ന്നത്. 1831 വോട്ടിനായിരുന്നു വിജയം. തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ ആരംഭിച്ച സമയത്ത് കെസി ജോസഫ് ചങ്ങനാശേരിയില്‍ മത്സരിക്കാന്‍ നീക്കം നടത്തിയിരുന്നു. എന്നാല്‍ ഇതിനെതിരെ കടുത്ത എതിര്‍പ്പാണ് ഉയര്‍ന്നത്. ഇതോടെയാണ് കെസി ജോസഫ് ഇക്കുറി മത്സരിക്കുന്നില്ലെന്ന നിലപാടിലേക്ക് എത്തിയത്.