കണ്ണൂർ : സംസ്ഥാന കോൺഗ്രസിലെ നേതൃമാറ്റ സാധ്യത തള്ളാതെ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. എഐസിസി സംഘം കേരളത്തിലെ കാര്യങ്ങൾ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുമെന്നും അതനുസരിച്ചായിരിക്കും തീരുമാനമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. നേതൃമാറ്റം വേണമെന്ന ആവശ്യം ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
എന്നാൽ അതടക്കമുള്ള കാര്യങ്ങൾ എഐസിസി സംഘത്തിന്‍റെ റിപ്പോർട്ട് ലഭിച്ചശേഷമേ തീരുമാനിക്കൂവെന്നും എഐസിസി സംഘടനാചുമതലയുള്ള വേണുഗോപാൽ വ്യക്തമാക്കി. തദ്ദേശ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തെ തുടർന്ന് നേതൃമാറ്റം ആവശ്യപ്പെട്ട് കോൺഗ്രസിൽ കലാപം രൂക്ഷമാണ്. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും എതിരെയാണ് രൂക്ഷവിമർശനമുള്ളത്. യുഡിഎഫ് ഘടകകക്ഷികളും അതൃപ്‌തി പ്രകടിപ്പിച്ചു. ഈ സാഹചര്യത്തിലാണ് കെ സി വേണുഗോപാലിന്‍റെ പ്രതികരണം .