കൊച്ചി : കത്തുന്ന വേനൽച്ചൂടും മറുനാടൻ തൊഴിലാളികളുടെ ഉപഭോഗ വർധനവും ഇത്തവണ ബിയർ വിൽപ്പന കൂട്ടി. ഏപ്രിൽ മുതൽ ഓഗസ്റ്റ് 23 വരെയുള്ള കണക്കനുസരിച്ച് വിൽപ്പനയിൽ മുന്നിലെത്തിയത് ബിയറാണ്. വിദേശമദ്യത്തിന്റെ വിൽപ്പനയിൽ 9.66 ശതമാനത്തിന്റെ വർധനയുണ്ടായപ്പോൾ ബിയറിന്റേത് 29.2 ശതമാനമാണ്. കടുപ്പമേറിയ മദ്യത്തിനുപകരം നുരഞ്ഞുപൊന്തുന്ന തണുത്ത പാനീയങ്ങളോടാണ് പ്രിയമേറുന്നതെന്ന് വിൽപ്പനക്കണക്കുകൾ സൂചിപ്പിക്കുന്നു. ബിയർ വിൽപ്പന ഉയരുന്നതിൽ മറുനാടൻ തൊഴിലാളികൾക്കും കാര്യമായ പങ്കുണ്ട്. പുകയില ഉത്പന്നങ്ങൾ ഉപയോഗിക്കുന്നതുമൂലം വായ വരളുന്നതും കടുത്ത ദാഹവും അകറ്റാൻ ഇവർ പ്രധാനമായും ബിയറിനെ ആശ്രയിക്കുന്നു.
ഒരു ലഹരി മറ്റൊരു ലഹരിക്ക് വഴിതുറക്കുന്ന സാഹചര്യം സംസ്ഥാനത്തെ മദ്യവിപണിക്ക് നേട്ടമാകുകയാണ്. ഒരുകാലത്ത് കേരളത്തിലെ ബിയർ വിപണിയെന്നാൽ ‘കിങ്ഫിഷർ’ ആയിരുന്നു. 85 ശതമാനം വിപണിവിഹിതവുമായി കിങ്ഫിഷർ അടക്കിവാണിരുന്ന കാലത്ത് മറ്റ് ഏഴ് ബ്രാൻഡുകൾ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ, കഴിഞ്ഞ മൂന്നുവർഷത്തിനിടെ ബ്രാൻഡുകളുടെ എണ്ണം പത്തിൽനിന്ന് മുപ്പതായി ഉയർന്നു. വെറുമൊരു കുപ്പി ബിയർ ചോദിച്ചുവാങ്ങിയിരുന്നവർ ഇപ്പോൾ ഫ്‌ളേവറുകളെക്കുറിച്ചും പ്രീമിയം ബ്രാൻഡുകളെക്കുറിച്ചും ചർച്ചചെയ്യുന്ന തലത്തിലേക്ക് മാറിയിട്ടുണ്ട്.































