തിരുവനന്തപുരം : കോസ്റ്റൽ റെഗുലേറ്ററി സോൺ ചട്ടങ്ങളുടെ 2019ലെ പുതുക്കിയ രൂപരേഖ തയാറായി. നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസാണ് സിആർഇസഡാണ് രൂപരേഖ തയാറാക്കിയത്. തിരുവനന്തപുരം, കൊല്ലം, കാസർഗോഡ് ജില്ലകളിലെ രൂപരേഖ ജനങ്ങളിൽ നിന്നും പരാതി കേൾക്കാനായി ജില്ലാ കളക്ടർമാർക്ക് സർക്കാർ രൂപരേഖ കൈമാറി. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മാർച്ചോടെ രൂപരേഖയ്ക്ക് അന്തിമരൂപം നൽകാനാണ് തീരുമാനം. തീരപരിപാലന നിയമം കർശനമായി നടപ്പാക്കണമെന്ന സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് 2019-ലെ ഭേദഗതിവിജ്ഞാപനത്തിന്റെ ഭാഗമായുള്ള രൂപരേഖ തയാറാക്കിയത്.
ഇതനുസരിച്ച് പഞ്ചായത്ത് മേഖലയിൽ തീരമേഖലയിൽ നിർമാണങ്ങൾക്ക് ഒട്ടേറെ ഇളവുകളുണ്ട്. കടലിൽ നിന്ന് 200 മീറ്ററിനുള്ളിൽ നിർമാണപ്രവൃത്തിക്ക് നിയന്ത്രണമുണ്ടായിരുന്നത് 50 മീറ്ററിനുള്ളിലായി ചുരുങ്ങും. 50 മീറ്ററിനു പുറത്ത് ഒമ്പത് മീറ്റർ ഉയരമുള്ള വീടുകളാവാം. റിസോർട്ട് നിർമാണങ്ങൾക്കും ഇളവുണ്ട്. പുഴയോര നിർമാണങ്ങൾക്ക് 100 മീറ്റർ പരിധി എന്നത് 50 മീറ്ററിനകത്തെന്നനിലയിൽ ചുരുങ്ങും. 1993-നുമുമ്പ് അംഗീകൃത കെട്ടിടങ്ങളോ റോഡുകളോ ഉള്ള സ്ഥലത്ത് നിയന്ത്രണങ്ങൾക്കു വിധേയമായി നിർമാണമാവാം. കണ്ടൽകാട് സംരക്ഷിത മേഖലയിലും നിർമാണ ഇളവ് അനുവദിക്കും.