പത്തനംതിട്ട : ലോക്ക്ഡൗണിനെത്തുടര്‍ന്ന് കടുത്ത പ്രതിസന്ധിയിലായ കേരളത്തിലെ കര്‍ഷകരെ സഹായിക്കുവാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകൾ അടിയന്തിരമായി ഇടപെടണമെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) ആറന്മുള നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
പ്രതിസന്ധികൾക്കിടയിലും പ്രതീക്ഷകൾ ഉണ്ടായിരുന്ന റബർ കർഷകർക്ക് ഇരുട്ടടിയെന്നപോലെ കോവിഡ് എത്തുകയായിരുന്നു. ഇത് കനത്ത ആഘാതമാണ് റബർ മേഖലക്ക് ഏല്‍പ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ആറു വർഷക്കാലമായി തുടരുന്ന വിലത്തകർച്ച റബ്ബർ മേഖലയുടെ നട്ടെല്ല് ഒടിക്കുകയാണ് ചെയ്തത്. ലോക്ക്ഡൗൺ മൂലം സ്തംഭിച്ച സമസ്ത മേഖലകളിലും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സഹായഹസ്തങ്ങൾ നൽകിയപ്പോൾ ഇരു സർക്കാരുകളുടെയും ഒരു സഹായവും ലഭിക്കാത്തത് റബർ കാര്‍ഷിക മേഖലക്കാണെന്ന് ധർണ ഉദ്ഘാടനം ചെയ്തുകൊണ്ട് കെടിയുസി ജില്ലാ പ്രസിഡന്റ് പി. കെ.ജേക്കബ് പറഞ്ഞു.
കൃഷിയിടത്തിൽ ഇറങ്ങിവന്ന ആന പടക്കം കടിച്ച് ചരിയുവാൻ ഇടയായ സംഭവത്തിൽ കർഷകരെ ദ്രോഹിക്കുന്ന തരത്തിൽ വനംവകുപ്പും കേന്ദ്ര-സംസ്ഥാന സർക്കാരുകളും സ്വീകരിക്കുന്ന നടപടികൾ അവസാനിപ്പിക്കണമെന്ന് നിയോജക മണ്ഡലം പ്രസിഡണ്ട് വി.പി എബ്രഹാം ആവശ്യപ്പെട്ടു. കേരളത്തിലെ സാധാരണ കര്‍ഷകര്‍ക്ക് കൈത്താങ്ങായി മാറിയ 4 ശതമാനത്തിന്മേലുള്ള സ്വര്‍ണ്ണപ്പണയ കാര്‍ഷിക വായ്പ പദ്ധതി പുനസ്ഥാപിക്കുക, റബര്‍ വിലസ്ഥിരതാ പദ്ധതിയിലെ കുടിശിഖ അടിയന്തിരമായി തീര്‍പ്പാക്കുക, കര്‍ഷകന്റെ 5 ലക്ഷം രൂപവരെയുള്ള വായ്പകള്‍ എഴുതിതള്ളുക, കര്‍ഷകര്‍ക്ക് പ്രതിമാസം 10,000 രൂപ പെന്‍ഷന്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ധര്‍ണ്ണ നടത്തിയത്.
നിയോജകമണ്ഡലം പ്രസിഡന്റ് വി.പി എബ്രഹാം അധ്യക്ഷത വഹിച്ചു, ബിജോയി തോമസ്, കുര്യൻ മടക്കൻ, ജേക്കബ് ഇരട്ടപുളിക്കൻ, ബിജിമോൾ മാത്യു, ഷൈനി ജോർജ്, ജോൺപോൾ, ബിജു എബ്രഹാം, വറുഗീസ് ജോൺ തുടങ്ങിയവർ പ്രസംഗിച്ചു.