പത്തനംതിട്ട : കോവിഡിനോടും കാട്ടുമൃഗങ്ങളോടും ഒന്നിച്ച് പോരാടുന്ന അവസ്ഥ ജില്ലയിലെ ജനങ്ങളുടെ ജീവിതം ദുരിതത്തിലാഴ്ത്തിയിക്കുകയാണെന്ന് കേരള കോൺഗ്രസ് ജേക്കബ് ജില്ലാ പ്രസിഡന്റ് സനോജ് മേമന പറഞ്ഞു. കേരള കോൺഗ്രസ് ജേക്കബ് പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വന്യജീവി ആക്രമണങ്ങളിൽ നിന്നും ജനങ്ങളെ രക്ഷിക്കുക, പെട്രോളിയം വില വർദ്ധനവ് പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് പത്തനംതിട്ട കളക്ടറേറ്റ് പടിക്കൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തണ്ണിത്തോട്ടിലെയും മണിയാറിലെയും കടുവ ആക്രമണവും മറ്റ് വന്യജീവി ഭീഷണിയും ജനങ്ങളുടെ സ്വൈരജീവിതം ഇല്ലാതാക്കിയിരിക്കുന്നു, അതോടൊപ്പം കൃഷി നശിപ്പിക്കുകയും മനുഷ്യ ജീവന് ഭീഷണിയാകുകയും ചെയ്യുന്ന കാട്ടുപന്നികളെ കൊണ്ടും പൊറുതിമുട്ടിയിരിക്കുകയാണ് ജനങ്ങൾ. പരമ്പരാഗത കൃഷിക്കാരുടെ ഒപ്പം ലോക് ഡൗൺ കാലത്ത് മുഖ്യമന്ത്രിയുടെ വാക്കനുസരിച്ച് കൃഷി ചെയ്തവരും ഇപ്പോൾ പന്നിപ്പേടിയിലാണെന്ന് അദ്ദേഹം പറഞ്ഞു.
കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്ന പന്നികളെ കൊല്ലാനുള്ള ഉത്തരവ് നൽകി കർഷകരെയും വനാതിർത്തിയിൽ സോളാർ വേലികള്‍ സ്ഥാപിച്ച് കാട്ടുമൃഗങ്ങൾ നാട്ടിലിറങ്ങുന്നതു തടഞ്ഞു പൊതു ജനങ്ങളുടെ ജീവൻ രക്ഷിക്കുന്നതിനും സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണം. ക്രൂഡോയിൽ വില ഏറ്റവും കുറഞ്ഞിരിക്കുന്ന സമയത്ത് പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില കുറച്ച് ജനങ്ങളെ സഹായിക്കാനുള്ള മനസ്സ് കാണിക്കണമെന്നും സനോജ് മേമന ആവശ്യപ്പെട്ടു.
സംസ്ഥാന ഉന്നതാധികാര സമിതി അംഗം ഷിബു കെ എബ്രഹാം, ജില്ലാ ഭാരവാഹികളായ ജോൺസൺ നിരവത്ത്, ഷിബു സി സാം , ബോബൻ തെക്കേതിൽ, സണ്ണി ഈശോ എന്നിവർ പ്രസംഗിച്ചു.