കൊച്ചി: കനത്ത മഴയിലും കാറ്റിലും സംസ്ഥാനത്ത് മിക്കവാറും പുഴകള്‍ കരകവിഞ്ഞു. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലാണ്. വടക്കന്‍ ജില്ലകളിലും ഇടുക്കിയിലുമാണ് കൂടുതല്‍ നാശനഷ്ടങ്ങള്‍. കേരളമടക്കം 6 സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ജലകമ്മീഷന്‍ വെള്ളപ്പൊക്ക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് ചൊവ്വാഴ്ചവരെ കനത്തമഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇപ്പോഴുള്ള ന്യൂനമര്‍ദത്തിനുപുറമേ ഒന്‍പതാം തീയതിയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ മറ്റൊരു ന്യൂനമര്‍ദംകൂടി രൂപംകൊള്ളും. ഇതിന്റെ സ്വാധീനം കാരണമാണ് കനത്തമഴ കൂടുതല്‍ ദിവസങ്ങളിലേക്കു നീളുന്നത്.
ഇടുക്കിയില്‍ ഇന്നലെ രാത്രി മാത്രം നാലിടത്താണ് ഉരുള്‍പൊട്ടിയത്. പീരുമേട്ടില്‍ മൂന്നിടത്തും മേലെ ചിന്നാറിലുമാണ് ഉരുള്‍പൊട്ടലുണ്ടായത്. ജലനിരപ്പ് ഉയര്‍ന്നതോടെ നെടുങ്കണ്ടം കല്ലാര്‍ ഡാമും തുറന്നു. മേലേചിന്നാര്‍, തൂവല്‍, പെരിഞ്ചാംകുട്ടി മേഖലകളിലെ പുഴയോരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മഴ ശക്തമായ സാഹചര്യത്തില്‍ ഇടുക്കി, കല്ലാര്‍കുട്ടി, ലോവര്‍ പെരിയാര്‍ ഡാമുകളുടെ എല്ലാ ഷട്ടറുകളും തുറന്നു. മുതിരപ്പുഴയാര്‍, പെരിയാര്‍ എന്നിവയുടെ കരകളില്‍ താമസിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് മുന്നറിയിപ്പുണ്ട്. പൊന്‍മുടി ഡാമിന്റെ മൂന്നു ഷട്ടറുകള്‍ ഇന്ന് രാവിലെ പത്തിന് 30 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തി 65 ക്യുമെക്സ് വെള്ളം പന്നിയാര്‍ പുഴയിലേക്ക് തുറന്നു വിടും. ജലനിരപ്പ് ഉയര്‍ന്നെങ്കിലും ഇടുക്കി, മുല്ലപ്പെരിയാര്‍ അണക്കെട്ടുകള്‍ സംബന്ധിച്ച് നിലവില്‍ ആശങ്ക വേണ്ട എന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. മൂന്നാറില്‍ കനത്ത മഴയാണ്. മൂന്നാര്‍ ഗ്യാപ് റോഡില്‍ ഇന്നലെ രാവിലെ വീണ്ടും മണ്ണിടിച്ചിലുണ്ടായിരുന്നു. നേരത്തെ മലയിടിഞ്ഞതിന് സമാനമായിട്ടാണ് ഇത്തവണയും മണ്ണിടിച്ചില്‍ ഉണ്ടായിരിക്കുന്നത്.
മലപ്പുറത്ത് ഇന്ന് റെഡ് അലര്‍ട്ട്
വെള്ളിയാഴ്ച മലപ്പുറം ജില്ലയില്‍ റെഡ് അലര്‍ട്ടും എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം ജില്ലകളില്‍ മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചു. വെള്ളിയാഴ്ച രാത്രി 11.30 വരെ കേരള തീരത്ത് കൂറ്റന്‍ തിരമാലയുണ്ടാകും. മീന്‍പിടിത്തം പാടില്ല.
തൊടുപുഴ, കിള്ളിയാര്‍, കോതമംഗലം, മൂവാറ്റുപുഴ ആറുകളില്‍ വെള്ളപ്പൊക്കത്തിന് സാധ്യതയുള്ള വിധം വെള്ളം പൊങ്ങി. അങ്കമാലി, പെരുമ്പാവൂര്‍, മൂവാറ്റുപുഴ, പിറവം മേഖലകളിലായി 17 വീട് തകര്‍ന്നു. മലപ്പുറത്ത് നിലമ്പൂര്‍ ടൗണിലും വെള്ളം കയറി.