പത്തനംതിട്ട: അധ്യാപികയ്ക്കു തുല്യനീതി നിഷേധിച്ചെന്ന് മനുഷ്യാവകാശ കമ്മീഷൻ. 2017 ൽ നിയമിതയായ അധ്യാപികക്ക് ആനുകൂല്യങ്ങള്‍ നിഷേധിച്ചെന്നു മാത്രമല്ല ശേഷം ജോലിയിൽ പ്രവേശിച്ചവർക്ക് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും യാതൊരു തടസ്സവും ഇല്ലാതെ നൽകി. എന്നാല്‍ അര്‍ഹതയുണ്ടായിട്ടും ഒരു അധ്യാപികയ്ക്കു മാത്രം ശമ്പളവും ആനുകൂല്യങ്ങളും നല്‍കാതെ തടഞ്ഞുവെച്ചത് ഭരണഘടന ഉറപ്പാക്കുന്ന തുല്യനീതിക്കും സമത്വത്തിനും വിരുദ്ധമാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.
ഇടുക്കി കൂട്ടാറിൽ എയ്ഡഡ് മേഖലയിലുള്ള ഹൈസ്കൂളിൽ ജോലിചെയ്യുന്ന മലയാളം അധ്യാപികയുടെ നിയമനത്തിലുള്ള സാങ്കേതിക കാര്യങ്ങൾ എത്രയും വേഗം പരിഹരിച്ച് വ്യക്തമായ നടപടികൾ സ്വീകരിച്ച ശേഷം ഒരു മാസത്തിനകം നടപടി റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി ആവശ്യപ്പെട്ടു. ഇത് തികഞ്ഞ മനുഷ്യാവകാശ ലംഘനമാണെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.
2017 ഓഗസ്റ്റ് ഒന്നിനാണ് കൂട്ടാർ ഹൈസ്കൂളിൽ പരാതിക്കാരി നിയമിതയായത്. എന്നാൽ നാളിതുവരെ ശമ്പളം ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ലഭിച്ചിട്ടില്ല. പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ നിന്നും ഇവിടെ സംഭവിച്ചിട്ടുള്ള മനുഷ്യാവകാശ ലംഘനം പരിഹരിക്കാൻ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും കമ്മീഷൻ ഉത്തരവിൽ ചൂണ്ടിക്കാണിച്ചു.
പത്തനംതിട്ട സ്വദേശിനി അശ്വതി പിള്ളയുടെ നിയമനത്തിലെ ന്യൂനതകൾ പരിഹരിക്കാനാണ് കമ്മീഷൻ വിദ്യാഭ്യാസ സെക്രട്ടറിക്കും വിദ്യാഭ്യാസ ഡയറക്ടർക്കും ഉത്തരവ് നൽകിയത്. നടപടി എടുക്കാത്ത പക്ഷം തുടർനടപടികൾക്ക് പരാതിക്കാരിക്ക് കമ്മീഷനെ സമീപിക്കാമെന്നും ഉത്തരവിൽ പറയുന്നു.