തിരുവനന്തപുരം: കേരള പോലീസില്‍ സ്വയം വിരമിക്കാന്‍ അപേക്ഷ നല്‍കി 826 പേര്‍. ഇത്തരത്തില്‍ സേവനം അവസാനിപ്പിക്കാന്‍ തയ്യാറായിരിക്കുന്നവരില്‍ സി.പി.ഒ.മുതല്‍ എസ്.ഐമാര്‍ വരെയുള്‍പ്പെടുന്നു. പോലീസ് സേനയില്‍ ഇത്രയേറെ സ്വയം വിരമിക്കല്‍ അപേക്ഷകള്‍ വരുന്നത് ആദ്യമാണെന്നാണ് പറയുന്നത്. ജോലി സൃഷ്ടിക്കുന്ന സമ്മര്‍ദ്ധം താങ്ങാത്ത സാഹചര്യത്തിലാണ് ഏറെപ്പേരും ജോലി ഉപേക്ഷിക്കുന്നതെന്നാണ് അറിയുന്നത്. ഇതിനുപുറമെ, പലവിധ അസുഖത്തെ തുടര്‍ന്ന് അവധി ആവശ്യപ്പെട്ടിട്ട് കിട്ടാത്തവര്‍, ദിനംപ്രതി 18 മണിക്കൂറിലേറെ ജോലി ചെയ്യേണ്ടിവരുന്നവര്‍, അച്ചടക്കനടപടിയുണ്ടാകുമെന്ന് ഭയപ്പെടുന്നവര്‍ എന്നിങ്ങനെയുള്ളവരും സ്വയം വിരമിക്കാന്‍ സന്നദ്ധരായവരിലുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം.
വിദേശ ജോലി, ഉന്നത വിദ്യാഭ്യാസം എന്നിവതേടിയും സ്വന്തമായി സംരംഭങ്ങള്‍ തുടങ്ങാനും സ്വയം വിരമിക്കലിന് അപേക്ഷ നല്‍കിയവരുണ്ട്. പൊതുഇടങ്ങളില്‍ നിന്ന് ആളുകളെ നിയന്ത്രിക്കാന്‍ ശ്രമിച്ചാല്‍പ്പോലും സാമൂഹികമാധ്യമ ലൈവുകളുമായിരിക്കും. എല്ലാത്തിനും മീതെ രാഷ്ട്രീയക്കാരില്‍നിന്നുള്ള സമ്മര്‍ദം. പെന്‍ഷനെങ്കിലും കിട്ടുമല്ലോവെന്ന് കരുതിയാണ് ഏറെപ്പേരും അപേക്ഷ നല്‍കിയത്. എന്നാലീ പ്രവണത സേനക്കുള്ളില്‍ പ്രയാസങ്ങള്‍ വിലയിരുത്തുന്നതിന് കാരണമാകണമെന്ന് പറയുന്നവരും ഏറെയാണ്.