പത്തനംതിട്ട : കോവിഡ് 19- രോഗബാധയുടെ സാഹചര്യത്തിൽ ഗൾഫ് ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്ന യാത്രാവിലക്കും വിമാന സർവീസുകളുടെ റദ്ദാക്കലും മൂലം പ്രവാസികള്‍ ഏറെ ബുദ്ധിമുട്ടുകയാണ്. അവധിക്ക് നാട്ടിലെത്തിയവര്‍ക്ക് തിരികെ പോകുവാന്‍ കഴിയുന്നില്ല. വിദേശ രാജ്യങ്ങളിലെ വിമാനത്താവളങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരും നിരവധിയാണ്. പ്രശ്നങ്ങള്‍ പരിഹരിക്കുവാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകള്‍ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് കേരളാ പ്രദേശ് പ്രവാസി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം ആവശ്യപ്പെട്ടു.
രോഗബാധ വ്യാപനം തടയുന്നതിനായി വിദേശ രാജ്യങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്ന കർശന നിയന്ത്രണങ്ങളും കേന്ദ്ര സർക്കാർ നിബന്ധനകളും മൂലം നൂറുകണക്കന് പ്രവാസികൾ വിദേശത്ത് വിമാനത്താവളങ്ങളിലും മറ്റ് സ്ഥലങ്ങളിലും കുടുങ്ങി യാത്ര ചെയ്യാനാകാതെ ക്ലേശിക്കുകയാണെന്നും ഇവരെ നാട്ടിലെത്തിക്കുവാൻ യുദ്ധകാല അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കണമെന്നും കേന്ദ്ര വിദേശകാര്യ വകുപ്പ് മന്ത്രി എസ്.ജയശങ്കർ, സഹമന്ത്രി വി.മുരളീധരൻ, സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർക്ക് അയച്ച നിവേദനത്തിൽ സാമുവല്‍ കിഴക്കുപുറം ആവശ്യപ്പെട്ടു.
കോവിഡ് ബാധ കൂടുതൽ വിദേശ രാജ്യങ്ങളിൽ സ്ഥിരീകരിക്കുകയും പ്രവാസികൾക്ക് മടങ്ങുവാൻ കഴിയാതിരിക്കുകയും ചെയ്യുന്ന അവസ്ഥയിൽ ഇഡ്യയിലെ പ്രവാസി പദവിക്കുളള ഒരു വർഷത്തെ താമസ ദിവസം 182-ൽ നിന്നും 120 ആയി കുറച്ചു കൊണ്ടുള്ള പുതിയ കേന്ദ്ര ബജറ്റ് നിർദ്ദേശം പുനഃപരിശോധിക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാകണം. അവധി കഴിഞ്ഞ് ജോലിക്കായി തിരികെ എത്തുമ്പോൾ കോവിഡ് 19 ബാധിതർ അല്ലെന്ന് മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിബന്ധന കുവൈറ്റ്, സൗദി അറേബ്യ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങൾ നിർബന്ധമാക്കിയിരിക്കുന്ന സാഹചര്യത്തിൽ ഇത് നല്‍കുവാൻ തയ്യാറാകാത്ത സംസ്ഥാന സർക്കാർ നിലപാട് നീതികരിക്കാനാവാത്തതാണ്.
കോവിഡ് 19 ബാധിത രാജ്യങ്ങളിൽ നിന്നും എത്തുന്ന പ്രവാസികളും കുടുംബാംഗംങ്ങളും അധികൃതരുടെ നിർദ്ദേശങ്ങൾ പൂര്‍ണ്ണമായി പാലിക്കണമെന്ന് പ്രവാസി കോൺഗ്രസ് അഭ്യർത്ഥിച്ചു. രോഗബാധക്കെതിരായ പ്രതിരോധ, ബോധവൽക്കണ പരിപാടികൾ സംസ്ഥാന, ജില്ലാ നിയോജക മണ്ഡലം തലങ്ങളിൽ സംഘടിപ്പിക്കുമെന്ന് സാമുവൽ കിഴക്കുപുറം അറിയിച്ചു.