തിരുവനന്തപുരം: കേരള അസോസിയേഷൻ ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സ് (KAPS) സംഘടിപ്പിച്ച “Draft Kerala Comprehensive Elder Welfare, Protection and Community Care Bill” സംബന്ധിച്ച സംസ്ഥാനതല കൺസൾട്ടേറ്റീവ് ശിൽപശാല, വയോജന സംരക്ഷണ നിയമം ക്ഷേമാധിഷ്ഠിത സമീപനത്തിൽ നിന്ന് അവകാശാധിഷ്ഠിത നിയമമായി പുനഃസംഘടിപ്പിക്കണമെന്ന ശക്തമായ ശുപാർശയോടെ സമാപിച്ചു. വയോജനങ്ങളുടെ മാന്യത, സ്വാതന്ത്ര്യം, സുരക്ഷ, സാമൂഹിക പങ്കാളിത്തം എന്നിവ നിയമപരമായി ഉറപ്പാക്കുന്ന രീതിയിൽ ബിൽ ഭേദഗതി ചെയ്യണമെന്നും ബില്ലിന്റെ പേര് തന്നെ “കേരള വയോജനാവകാശ സംരക്ഷണ നിയമം” എന്ന രീതിയിൽ മാറ്റുന്നത് പരിഗണിക്കണമെന്നും വിദഗ്ധർ അഭിപ്രായപ്പെട്ടു.
കേരളം അതിവേഗം Super Ageing Society യിലേക്ക് നീങ്ങുന്ന സാഹചര്യത്തിൽ വയോജനങ്ങളെ സമൂഹത്തിന്റെ ബാധ്യതയായി കാണാതെ അറിവിന്റെയും അനുഭവസമ്പത്തിന്റെയും സാമൂഹിക മൂലധനമായാണ് അംഗീകരിക്കേണ്ടതെന്ന് ശിൽപശാല വിലയിരുത്തി. സമൂഹാടിസ്ഥാനത്തിലുള്ള പരിചരണ സംവിധാനങ്ങൾ, ഗൃഹപരിചരണം, വയോജന സൗഹൃദ ഗതാഗതം, രണ്ടാം തൊഴിൽ അവസരങ്ങൾ, ഡിജിറ്റൽ സാക്ഷരത, സജീവ വാർധക്യത്തിനുള്ള അവസരങ്ങൾ എന്നിവയ്ക്ക് നിയമത്തിൽ വ്യക്തമായ വ്യവസ്ഥകൾ ഉൾപ്പെടുത്തണമെന്നും ശുപാർശ ചെയ്തു.
നിലവിലുള്ള ആരോഗ്യ-സാമൂഹ്യനീതി സംവിധാനങ്ങളുമായി ഏകോപിപ്പിച്ചുള്ള നടപ്പാക്കലാണ് പുതിയ നിയമത്തിന് കൂടുതൽ പ്രായോഗികമാവുകയെന്ന് വിലയിരുത്തിയ ശിൽപശാല, പുതിയ സമാന്തര സംവിധാനങ്ങൾ സൃഷ്ടിക്കുന്നതിന് പകരം നിലവിലുള്ള സേവനങ്ങളെ ശക്തിപ്പെടുത്തണമെന്ന് നിർദേശിച്ചു. ബില്ലിനൊപ്പം സാമ്പത്തിക മെമ്മോറാണ്ടവും ചെലവ് വിലയിരുത്തലും നിർബന്ധമായും ഉൾപ്പെടുത്തണമെന്നും അഭിപ്രായപ്പെട്ടു. യോഗ്യതയുള്ള പ്രൊഫഷണൽ സോഷ്യൽ വർക്കർമാരുടെ (MSW) പങ്കാളിത്തം നിയമത്തിൽ വ്യക്തമായി നിർവചിക്കണമെന്നും എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും സമൂഹാടിസ്ഥാനത്തിലുള്ള വയോജന പിന്തുണാ സംവിധാനങ്ങൾ രൂപീകരിക്കണമെന്നും ആവശ്യപ്പെട്ടു.
നിയമസഹായം എല്ലാവർക്കും ലഭ്യമാക്കാൻ വയോജനങ്ങൾക്ക് പ്രത്യേക സൗജന്യ നിയമസഹായ സംവിധാനം, അയൽക്കൂട്ട പിന്തുണാ ഗ്രൂപ്പുകൾ, ദുരുപയോഗത്തിനെതിരായ കർശന നിയമപരിരക്ഷ, വയോജനങ്ങളുടെ അഭിപ്രായങ്ങൾ നിയമനിർമാണ പ്രക്രിയയിൽ ഉൾപ്പെടുത്തൽ എന്നിവയും ശിൽപശാലയുടെ പ്രധാന ശുപാർശകളിൽ ഉൾപ്പെട്ടു. ശിൽപശാലയുടെ സമാപനത്തിൽ നിലവിലുള്ള വയോജന സേവനങ്ങളുടെ സമഗ്ര വിലയിരുത്തൽ നടത്തി പോരായ്മകൾ കണ്ടെത്തുക, നിയമഭേദഗതികൾക്കായി നിയമവിദഗ്ധർ, പ്രൊഫഷണൽ സോഷ്യൽ വർക്കർമാർ, വയോജന പ്രതിനിധികൾ എന്നിവരെ ഉൾപ്പെടുത്തി പ്രത്യേക ഉപസമിതി രൂപീകരിക്കുക, ധനകാര്യ സാധ്യതാ പഠനം നടത്തുക, തിരഞ്ഞെടുത്ത ജില്ലകളിൽ സമൂഹാടിസ്ഥാനത്തിലുള്ള മാതൃകാപദ്ധതികൾ നടപ്പാക്കി വിലയിരുത്തിയ ശേഷം ഘട്ടംഘട്ടമായി നിയമം നടപ്പാക്കുക എന്നീ നിർദേശങ്ങൾ അംഗീകരിച്ചു.
ശിൽപശാലയിൽ ഡോ. ജോ തോമസ്, ഡോ .ഐപ്പ് വർഗീസ്, ഡോ. സോണി ജോസ്, അഡ്വ. ഡോ. മേരി ജോൺ, അസോസിയേറ്റ് പ്രൊഫസർ സേവിയർ കുട്ടി ഫ്രാൻസ്സിസ്, സാമൂഹ്യനീതി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ അബീൻ എ ഒ, ഡോ.ജോസഫ് ചാരുപ്ലാക്കൽ എന്നിവർ വിഷയാവതരണങ്ങൾ നടത്തി. വിവിധ ജില്ലകളിൽ നിന്നുള്ള പ്രൊഫഷണൽ സോഷ്യൽ വർക്കർമാർ, അധ്യാപകർ, സന്നദ്ധസംഘടനാ പ്രതിനിധികൾ, സാമൂഹിക പ്രവർത്തകർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. KAPS സംസ്ഥാന പ്രസിഡന്റ് ഡോ. ചെറിയാൻ പി കുര്യൻ അധ്യക്ഷത വഹിച്ചു. സംഘടനയുടെ പുതിയ പ്രസിഡന്റ് ഡോ.എം പി ആന്റണി സമാപന സന്ദേശം നൽകി.






























