തിരുവനന്തപുരം: കേരള സർവകലാശാല തമിഴ് ഡിപ്പാർട്ട്മെന്റിൽ സെമിനാര്‍ വിലക്കിയ സംഭവത്തില്‍ കടുത്ത നടപടികൾ വേണ്ടെന്ന് സർവകലാശാലയുടെ തീരുമാനം. വിദ്യാർത്ഥി മാപ്പ് അപേക്ഷിച്ച പശ്ചാത്തലത്തിലാണ് സർവകലാശല ഇങ്ങനെ ഒരു തീരുമാനം എടുത്തിരിക്കുന്നത്. സംഭവത്തില്‍ വകുപ്പ് മേധാവിയേയും വിദ്യാർത്ഥിയേയും താക്കീത് ചെയ്യും എന്നും സര്‍വകലാശാല അറിയിച്ചു. മറ്റ് നടപടികള്‍ ഒന്നും ഉണ്ടാവില്ല. വിഷയത്തില്‍ രജിസ്ട്രാര്‍ നല്‍കിയ റിപ്പോര്‍ട്ട് പരിശോധിച്ചതിന് ശേഷമാണ് വിസിയുടെ തീരുമാനം. പഹൽഗാം ആക്രമണത്തെക്കുറിച്ചാണ് തമിഴ് വിഭാഗം സെമിനാർ നടത്താന്‍ തീരുമാനിച്ചത്. ഇത് വിസി നേരിട്ട് ഇടപെട്ട് വിലക്കുകയായിരുന്നു. പഹൽ ഗാം ഭീകരാക്രമണത്തെക്കുറിച്ചുള്ള തമിഴ് ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ സെമിനാര്‍ കേരള സര്‍വകലാശാല വി.സി ഡോ.മോഹൻ കുന്നുമ്മൽ വിലക്കിയിരുന്നു. തമിഴ് പ്രസിദ്ധീകരണമായ ജനനായകത്തിൽ വന്ന ലേഖനത്തെ അടിസ്ഥാനമാക്കിയുള്ള സെമിനാര്‍ ദേശവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് വി.സി വിലക്കിയത്.
ഭീകരാക്രമണത്തെ രാഷ്ട്രീയ നേട്ടത്തിനായി ബിജെപി ഉപയോഗിക്കുന്നുവെന്നായിരുന്നു ലേഖനത്തിലെ ഉള്ളടക്കം. വിലക്കിയ കാര്യം വി.സി ഗവര്‍ണറെ അറിയിക്കുകയും ചെയ്തിരുന്നു. വകുപ്പ് മേധാവിയിൽ നിന്ന് 24 മണിക്കൂറിനകം വിശദീകരണം ചോദിക്കാനും വിസി രജിസ്ട്രാറോട് നിര്‍ദ്ദേശിച്ചു. ഇതേ തുടര്‍ന്നാണ് രജിസ്ട്രാര്‍ വിശദീകരണം ചോദിച്ചതും വകുപ്പ് മേധാവി ഡോ.ഹെപ്സി റോസ് മേരി മറുപടി നൽകിയതും. വിവാദ ലേഖനം വാട്സ് ആപ്പ് ഗ്രൂപ്പിലിട്ട വിദ്യാര്‍ഥിക്ക് മെമ്മോ നൽകിയിരുന്നു. ഇതില്‍ മറുപടി കിട്ടിയെന്നും വകുപ്പ് മേധാവി രജിസ്ട്രാറെ അറിയിച്ചു. അനവസരത്തിൽ ഇത്തരം ഒരു വിഷയം ചര്‍ച്ചയ്ക്കെടുക്കാൻ നിര്‍ദ്ദേശിച്ചതിൽ വിദ്യാര്‍ഥിക്ക് തെറ്റു പറ്റിയെന്നും മാപ്പ് ചോദിച്ചെന്നും വകുപ്പ് മേധാവി റജിസ്ട്രാര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.