ഇടുക്കി : പൂപ്പാറയിൽ ഉണ്ടായ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചതിൽ പ്രതിഷേധിച്ച് നാട്ടുകാർ. പൂപ്പാറയിലെ തലക്കുളം എസ്‌റ്റേറ്റിലാണ് സംഭവം. തമിഴ്‌നാട് ബോഡിനായ്‌ക്കന്നൂർ സ്വദേശിയായ ഒച്ച തേവറാണ് മരിച്ചത്. 62 വയസായിരുന്നു. മരിച്ച ഒച്ചുതേവറിന്‍റെ കുടുംബത്തിന് വനംവകുപ്പ് പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ഇതോടെയാണ് നാട്ടുകാർ പ്രതിഷേധം അവസാനിപ്പിച്ചത്. ഉടുമ്പൻ ചോല എംഎൽഎ സേനാപതി വേണുവുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് പ്രതിഷേധക്കാർ പിരിഞ്ഞുപോയത്. ആദ്യഘഡുവായ അഞ്ച് ലക്ഷം ഇന്ന് തന്നെ കുടുംബത്തിന് കൈമാറും. തലക്കുളം എസ്റ്റേറ്റിൽ ജോലി ചെയ്യുകയായിരുന്ന തമിഴ്നാട് ബോഡിനായ്ക്കന്നൂർ സ്വദേശി ഒച്ചുതേവർ ഇന്ന് രാവിലെയാണ് മരിച്ചത്. കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രദേശത്ത് കാട്ടാനക്കൂട്ടം തമ്പടിച്ചിരുന്നതായി നാട്ടുകാർ പറയുന്നു. ഇതിനാൽ തന്നെ പ്രദേശത്ത് ജാഗ്രതാ നിർദേശവുമുണ്ടായിരുന്നു. ഇന്ന് രാവിലെ എസ്റ്റേറ്റിൽ കനത്ത മഞ്ഞായിരുന്നു. മഞ്ഞുമൂലം കാട്ടാന അടുത്തെത്തിയത് ഒച്ചു തേവർ കണ്ടില്ല. തുടർന്ന് ആനയുടെ മുന്നിൽ അകപ്പെട്ട ഇദ്ദേഹത്തെ ആന ആക്രമിക്കുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഗുരുതരമായി പരിക്കേറ്റ നിലയിൽ ഒച്ചു തേവരെ കണ്ടെത്തിയത്.































