പന്തളം : മാരക മയക്കുമരുന്ന് വിൽപ്പന നടത്തുന്ന പ്രധാന പ്രതിയെ പന്തളം പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം കാട്ടാക്കട കള്ളിക്കാട്ട് പുത്തൻവീട്ടിൽ ഷിഹാബുദ്ദീന്റെ മകൻ മുഹമ്മദ് അനസ് (29) നെയാണ് പന്തളം പോലീസ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മെയ് മാസത്തിൽ വിൽപ്പനയ്ക്കായി എത്തിച്ച എം.ഡി.എം.എ.യുമായി പറക്കോട് കോട്ടമുകൾ സ്വദേശികളായ മുഹമ്മദ് ഷാ, ഷംനാദ് എന്നിവരെ പിടികൂടിയിരുന്നു. തുടർന്ന് ഈ മയക്കുമരുന്ന് ശൃംഖലയിലെ എല്ലാ പ്രതികളെയും പിടികൂടണമെന്ന് ജില്ലാ പോലീസ് മേധാവി കർശന നിർദേശം നൽകുകയായിരുന്നു.
തുടരന്വേഷണത്തിൽ കടയ്ക്കാട് സ്വദേശിനിയായ ഷെമീന ഖാനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ നിന്നും കിട്ടിയ വിവരത്തെ തുടർന്ന് രാജ്യാന്തര മയക്കുമരുന്ന് സംഘത്തിലെ പ്രധാനിയും ഈ കേസിലെ മുഖ്യപ്രതിയുമായ നൈജീരിയൻ സ്വദേശിയായ വിദേശ പൗരൻ സാമുവൽ ക്ലബ്സൻ വോക്കാഫോർ എന്നയാളെയും ഡൽഹിയിൽ നിന്നും പന്തളം പോലീസ് പിടികൂടിയിരുന്നു. നൈജീരിയൻ പൗരന്റെ മയക്കുമരുന്ന് നിർമ്മാണ യൂണിറ്റടക്കം പോലീസ് നശിപ്പിക്കുകയും ചെയ്തിരുന്നു. കേസിലെ പ്രതിയായ മുഹമ്മദ് ഷാക്കിന് നൈജീരിയന് സ്വദേശി സാമുവലിനെ പരിചയപ്പെടുത്തിയത് ഇപ്പോൾ പിടിയിലായ അനസ് ആയിരുന്നുവെന്നും അന്വേഷണത്തില് വ്യക്തമായി.
ബാംഗ്ലൂരിൽ യൂബർ ടാക്സിയുടെ മറവിൽ ലഹരി വില്പനയുടെ പ്രധാന കണ്ണിയായിരുന്നു ഇയാൾ. പോലീസ് ഇവരെ പിടികൂടിയതറിഞ്ഞ് ആദ്യം ഡൽഹിയിലേക്കും തുടർന്ന് മണാലിയിലേക്കും ഒളിച്ചുകടന്ന അനസ് അടുത്തിടെയാണ് മടങ്ങിയെത്തിയത്. ഇയാൾ ഉപയോഗിച്ചിരുന്ന സിം കാർഡുകളും മൊബൈൽ ഫോണുകളും ഉപേക്ഷിച്ചതോടെ താൻ ഒരിക്കലും പിടിയിലാവുകയില്ല എന്ന അമിത ആത്മവിശ്വാസത്തിലായിരുന്നു പ്രതി.
പന്തളം പോലീസിന്റെ ആറുമാസത്തെ ശ്രമകരമായ അന്വേഷണത്തിനൊടുവിലാണ് പന്തളം സർക്കിൾ ഇൻസ്പെക്ടർ സി.ബാബു കുറുപ്പ്, എസ്.ഐ.എബിൻ പ്രസാദ്, എ.എസ്.ഐ.മാരായ ബി.ഷൈൻ, സുരേഷ് കുമാർ, പോലീസ് ഉദ്യോഗസ്ഥരായ എസ്.അൻവർഷ, എസ്.ഷൈൻ എന്നിവരടങ്ങിയ അന്വേഷണസംഘം വർക്കലയിൽ നിന്നും പ്രതിയെ പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ അടൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.































