കോഴിക്കോട് : കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം സൂപ്രണ്ടിനെ സസ്പെന്റ് ചെയ്തതില്‍ സമരം ശക്തമാക്കാനൊരുങ്ങുകയാണ് കെ.ജി.എം.ഒ.എ. സൂപ്രണ്ടിനെതിരായ നടപടി പിന്‍വലിച്ചില്ലെങ്കില്‍ പ്രതിഷേധം സംസ്ഥാന വ്യപകമാക്കും. സൂപ്രണ്ടിനെതിരായുള്ള സസ്പെന്‍ഷനില്‍ ബാഹ്യ ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍, അവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കെ.ജി.എം.ഒ.എ വ്യക്തമാക്കി.
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം പ്രവര്‍ത്തിക്കുന്നത് നിരവധി അസൗകര്യങ്ങള്‍ക്കിടയിലാണെങ്കിലും അതിനിടയില്‍ സൂപ്രണ്ടിന് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളെല്ലാം അദ്ദേഹം ചെയ്തതാണ്. റിമാന്‍ഡ് പ്രതിയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം പോലീസിനാണെന്നും കെ.ജി.എം.ഒ.എ പറയുന്നു. പ്രതി രക്ഷപ്പെട്ടതിന് സൂപ്രണ്ടിനെ മാത്രം പഴിചാരുന്നത് അംഗീകരിക്കാനാവില്ലെന്നാണ് കെ.ജി.എം.ഒ.എയുടെ നിലപാട്. അതുകൊണ്ട് തന്നെ, സസ്പെന്‍ഷന്‍ പിന്‍വലിക്കുന്നതു വരെ പ്രതിഷേധവുമായി മുന്നോട്ടു പോകാനാണ് തീരുമാനമെന്നും കെ.ജി.എം.ഒ.എ വ്യക്തമാക്കി.