ഒറ്റപ്പാലം : ഖദീജയുടെ മരണം വായയും മുഖവും പൊത്തിപ്പിടിച്ച് കഴുത്ത് ഞെരിച്ചതിനെ തുടര്‍ന്നെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. റെയില്‍വേ സ്റ്റേഷന് റോഡിലെ തെക്കേത്തൊടിയില്‍ ഖദീജ മന്‍സിലില്‍ ഖദീജ (63) വീട്ടിലെ കിടപ്പുമുറിയില്‍ ദുരൂഹ സാഹചര്യത്തില്‍ വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ് മരിച്ചത്. സംഭവത്തില്‍ ഖദീജയുടെ സഹോദരിയുടെ മകള്‍ ഷീജ (44), ഷീജയുടെ മകന് യാസിര്‍ (21) എന്നിവരെ രാത്രി തന്നെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
ഖദീജയുടെ ആഭരണങ്ങള്‍ കൈക്കലാക്കാനായി നടത്തിയ കൊലപാതകം ആത്മഹത്യയാക്കാന്‍ പ്രതികള്‍ കൊലപാതകത്തിനുശേഷം ഖദീജയുടെ കൈയിലെ ഞരമ്പുകള്‍ മുറിച്ചിരുന്നു. പത്തര പവന് ആഭരണങ്ങള്‍ കൈക്കലാക്കിയ പ്രതികള്‍ വ്യാഴാഴ്ച ഉച്ചക്ക് നഗരത്തിലെ സ്വകാര്യ ജ്വല്ലറിയില്‍ വില്ക്കാന് ശ്രമം നടത്തിയിരുന്നു. ലോക്കറ്റില്‍ ഖദീജ എന്ന് രേഖപ്പെടുത്തിയിരുന്നതും ആവശ്യപ്പെട്ടപ്പോള്‍ നല്കിയ ആധാര്‍ കാര്‍ഡില്‍ ഷീജ എന്ന പേരും തമ്മിലെ വ്യത്യാസമാണ് സ്ഥാപനത്തിലുള്ളവരില് സംശയം ജനിപ്പിച്ചത്. തുടര്‍ന്ന് പോലീസില്‍ വിവരം നല്കി.
കാണാതായ ആഭരണത്തെക്കുറിച്ചുള്ള അന്വേഷണത്തിലായിരുന്നു ഖദീജ അപ്പോള്‍. പോലീസ് നിര്‍ദേശിച്ചതനുസരിച്ച് ഖദീജ സ്റ്റേഷനില്‍ എത്തുകയും പ്രതികള്‍ ബന്ധുക്കളെന്നറിഞ്ഞതോടെ പരാതിയില്ലെന്ന് രേഖാമൂലം എഴുതി നല്‍കുകയുമായിരുന്നു. സ്റ്റേഷനില്‍നിന്ന് ഊരിപ്പോന്ന പ്രതികള്‍ക്ക് കൊലപാതത്തിന് അവസരം നല്‍കിയത് പരാതിയില്ലെന്ന ഖദീജയുടെ അപേക്ഷയാണ്.
കൈയില്‍ കിട്ടിയ മോഷ്ടാക്കള്‍ക്കെതിരെ നടപടി സ്വീകരിക്കാതിരുന്നത് പോലീസിനെതിരെ വിമര്‍ശനത്തിനും ഇടയാക്കി. തുടര്‍ന്ന് വീട്ടിലെത്തിയ ശേഷം ഇക്കാര്യത്തെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഇതിനുശേഷം രാത്രി വീണ്ടും 13 പവനുമായി പ്രതികള്‍ ഇതേ സ്ഥാപനത്തില്‍ ചെന്നു. സ്ഥാപനത്തിലുള്ളവര്‍ നല്കിയ വിവരത്തിെന്റ അടിസ്ഥാനത്തില്‍ വീണ്ടും നടത്തിയ അന്വേഷണത്തിലാണ് കിടപ്പ് മുറിയില്‍ ഖദീജയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അവിവാഹിതയായ ഖദീജയുടെ വീട്ടിലാണ് ഷീജയും മക്കളും താമസിച്ചിരുന്നത്.