ബിജ്‌നോര്‍ : ഉത്തര്‍പ്രദേശില്‍ ദേശീയ വനിതാ ഖോഖൊ താരത്തെ മരിച്ചനിലയില്‍ കണ്ടെത്തി. ബിജ്‌നോറിലെ പെണ്‍കുട്ടിയുടെ വീടിന് 100 മീറ്റര്‍ അകലെ റെയില്‍വേ ട്രാക്കിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം കാണപ്പെട്ട മൃതദേഹത്തില്‍ വസ്ത്രങ്ങള്‍ വലിച്ചുകീറിയ അവസ്ഥയിലായിരുന്നു.
മുഖത്ത് സാരമായി മുറിവേറ്റിട്ടുണ്ട്. കഴുത്തില്‍ ഞെരിച്ചതിന്റെ പാടുകളും കണ്ടെത്തി. അതുകൊണ്ടുതന്നെ 24കാരിയായ താരം പീഡനത്തിനിരയായിട്ടുണ്ടെന്നും വളരെ ക്രൂരമായി ആക്രമിക്കപ്പെട്ടനിലയിലാണ് മൃതദേഹം കാണപ്പെട്ടതെന്നും കുടുംബം ആരോപിച്ചു.
കഴിഞ്ഞ അഞ്ച് വര്‍ഷമായി യുപിയെ പ്രതിനിധീകരിച്ച് ദേശീയതല ഖോഖൊ മത്സരങ്ങളില്‍ സജീവസാന്നിധ്യമാണ് മരിച്ച ദളിത് പെണ്‍കുട്ടി. ഒരു സര്‍ക്കാര്‍ സ്‌കൂളില്‍ താല്‍ക്കാലിക കായിക അധ്യാപികയായി ജോലി ചെയ്തുവരികയായിരുന്നു. കോവിഡ് സാഹചര്യത്തില്‍ ജോലി നഷ്ടപ്പെട്ട പെണ്‍കുട്ടി കഴിഞ്ഞ വെള്ളിയാഴ്ച സ്വകാര്യ സ്‌കൂളില്‍ ജോലിക്കായി അഭിമുഖത്തിന് പോയ ശേഷം തിരിച്ചെത്തിയില്ല.