ആലുവ : പ്രമുഖ സൂഫീ ഗുരു വര്യനും ആഗോള സൂഫീ സരണികളുടെ സമകാലിക നായകരുമായിരുന്ന ഖുതുബുസ്സമാൻ ഡോ. ശൈഖ് യൂസുഫ് സുൽത്താൻ ശാഹ് ഖാദിരി ചിശ്ത്തിയുടെ ഒന്നാം ഉറൂസ് മുബാറക്കിന് ഭക്തി നിർഭരമായ തുടക്കം.
ജീലാനി ട്രസ്റ്റ് ചെയർമാനും ഖുതുബുസ്സമാന്റെ പകരക്കാരനുമായ ഹസ്‌റത് ശൈഖ് നിസാമുദ്ധീൻ സുൽത്താൻ ശാഹ് ഖാദിരി ചിശ്തി നടത്തിയ പട്ട് മാറ്റൽ ചടങ്ങോടെ തുടക്കം കുറിക്കപ്പെട്ട ഒന്നാം ഉറൂസ് വാർഷികം കേരളത്തിനകത്തും പുറത്തും വിദേശത്തുമായി ഒരു മാസം നീണ്ടു നിൽക്കുന്ന വിവിധ പരിപാടികളോടെ ആചരിക്കും. ആത്മ സംഘർഷം നേരിടുന്ന മാനവ സമൂഹത്തിന്റെ സത്വപ്രതിസന്ധികൾക്ക് പരിഹാരം കാലം തെളിയിച്ചു വെച്ച ആത്മീയ നായകരുടെ നേർവഴി പിന്തുടരലാണെന്ന് ശൈഖ് നിസാമുദ്ധീൻ സുൽത്താൻ ഉദ്ബോധിപ്പിച്ചു. അത്തരമൊരു ഉന്നത വ്യക്തിത്വമായിരുന്നു നമ്മുടെ മുന്നിലൂടെ ജീവിച്ചു പോയ ഖുതുബുസ്സമാൻ ശൈഖ് യൂസുഫ് സുൽത്താൻ ശാഹ് ഖാദിരി ചിശ്തി എന്നും അദ്ദേഹം പറഞ്ഞു.
നാഇബ് സുൽത്താൻ ശൈഖ് നിസാമുദ്ധീൻ ശാഹ് ഖാദിരിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങുകളിൽ ശൈഖ് അബ്ദുർ റഹീം അഹ്സനി പ്രാർത്ഥനക്ക് നേതൃത്വം നൽകി. ശംസുദ്ധീൻ സുൽത്താൻ ശാഹ് ഖാദിരി, ശൈഖ് സയ്യിദ് അബ്ദുൽ ഹഖീം തങ്ങൾ എട്ടിക്കുളം, ശൈഖ് ഇസ്മായിൽ ഫൈസി കിടങ്ങഴി, ശൈഖ് ഹുസൈൻ ഖാസിമി പ്രൊഫസർ ശൈഖ് കൊടുവള്ളി അബ്ദുൽ ഖാദിർ,ശൈഖ് ചെങ്ങമനാട് മുഹ്‌യിദ്ധീൻ മുസ്‌ല്യാർ സിയാദ് പുറയാർ, ശാഹ് ശറഫുദ്ധീൻ ജീലാനി,ജബ്ബാർ ജീലാനി പെരുമ്പാവൂർ തുടങ്ങിയവർ സംബന്ധിച്ചു. കേരളത്തിനകത്തും പുറത്തും നിന്നുമായി ആയിരക്കണക്കിന് ശിഷ്യഗണങ്ങൾ ഉറൂസിൽ പങ്കെടുത്തു.