തിരുവനന്തപുരം : എറണാകുളത്ത് നിന്നും എത്തിച്ച വൃക്ക അനധികൃതമായി ഏറ്റുവാങ്ങിയ രണ്ട് സ്വകാര്യ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്കെതിരെ മെഡിക്കല്‍ കോളജ് അധികൃതര്‍ പോലീസില്‍ പരാതി നല്‍കി. ഇവര്‍ മനപ്പൂര്‍വ്വം പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചതായി ആശുപത്രി അധിതര്‍ ആരോപിക്കുന്നു. ഈ ഡ്രൈവര്‍മാര്‍ വൃക്ക സ്വീകരിച്ച് തിയറ്ററിലേക്കു കൊണ്ടുപോകുന്നതിന്റെ സിസിടിവി ദൃശ്യം സഹിതം പോലീസില്‍ പരാതി നല്‍കി. ആശുപത്രിയുമായോ അവയവം ഏറ്റുവാങ്ങാന്‍ പോയ സ്വകാര്യ ആംബുലന്‍സുമായോ ബന്ധമില്ലാത്തവരാണ് വൃക്ക എടുത്തുകൊണ്ടുപോയത്. ഇതില്‍ ദുരൂഹതയുണ്ടെന്നാണ് ആശുപത്രി അധികൃതരുടെ നിലപാട്.
ആംബുലന്‍സില്‍ ഉണ്ടായിരുന്ന പിജി ഡോക്ടര്‍മാര്‍ പിന്നാലെപോയെങ്കിലും പെട്ടി നല്‍കാന്‍ ഇവര്‍ തയാറായില്ലെന്നും വിഡിയോ ചിത്രീകരിച്ചു വിവാദമുണ്ടാക്കാന്‍ ശ്രമിച്ചെന്നും അധികൃതര്‍ പറയുന്നു. വൃക്കയുമായി ഇവര്‍ വഴിയറിയാതെ നില്‍ക്കുന്നതും തിയറ്റര്‍ മാറിക്കയറുന്നതും ദൃശ്യങ്ങളിലുണ്ട്. ആംബുലന്‍സ് എത്തുമ്പോള്‍ പോലീസ് സ്ഥലത്തുണ്ടായിരുന്നെങ്കിലും തിയറ്ററിലേക്കു കൊണ്ടുപോകാന്‍ പോലീസ് സുരക്ഷയില്ലായിരുന്നു.
വൃക്ക സ്വീകരിക്കാന്‍ തയാറായെത്തിയ നാലു പേരില്‍ യോജിച്ചത് സുരേഷ്‌കുമാറിനു മാത്രം. മൃതസഞ്ജീവനി പട്ടിക പ്രകാരം ശസ്ത്രക്രിയയ്ക്കായി വിളിച്ച 4 പേരില്‍ ഒരാള്‍ക്കു കോവിഡ് ബാധിക്കുകയും മറ്റു 2 പേര്‍ക്ക് വൃക്ക യോജിക്കില്ലെന്നു കണ്ടെത്തുകയും ചെയ്തു. ‘6.30ന് എത്തുമെന്നു പ്രതീക്ഷിച്ച വൃക്ക ഒരു മണിക്കൂര്‍ നേരത്തേയെത്തിയത് ആശയക്കുഴപ്പമുണ്ടാക്കി. അപ്പോള്‍ രോഗി ഡയാലിസിസിലായിരുന്നു. വൃക്ക മാറ്റിവയ്ക്കുന്നയാള്‍ക്കു 4 മണിക്കൂറെങ്കിലും ഡയാലിസിസ് ചെയ്യണം.’ എ.നിസാറുദീന്‍ ആശുപത്രി സൂപ്രണ്ട് പറഞ്ഞു.