കൊല്ലം : കിളികൊല്ലൂരില്‍ സഹോദരങ്ങളെ പോലീസ് സ്റ്റേഷനില്‍ വെച്ച് മര്‍ദ്ദിച്ച സംഭവത്തില്‍ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. തര്‍ക്കത്തിനിടെ എഎസ്ഐ പ്രകാശ് ചന്ദ്രന്‍ ആദ്യം സൈനികന്‍റെ മുഖത്ത് കൈവീശി അടിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. മുഖത്ത് അടിയേറ്റ സൈനികന്‍ തിരിച്ചടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. അടിപിടിക്കിടെ ഇരുവരും നിലത്ത് വീണു. വിഷ്ണുവിന്‍റെ ഷര്‍ട്ട് എഎസ്ഐ പിടിച്ചുവലിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. രണ്ടരമിനിറ്റ് ദൈര്‍ഘ്യമുള്ള സിസിടിവി ദൃശ്യങ്ങള്‍ പോലീസാണ് പുറത്തുവിട്ടത്. ദൃശ്യങ്ങള്‍ പൂര്‍ണ്ണമല്ല.
എംഡിഎംഎ കേസിലുള്ളയാളെ ജാമ്യത്തിലിറക്കാൻ വിളിച്ചുവരുത്തിയ ശേഷമാണ് പേരൂര്‍ സ്വദേശികളായ വിഘ്നേഷിനെയും വിഷ്ണുവിനെയും പോലീസുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചത്. മഫ്തിയിലുണ്ടായിരുന്ന എഎസ്ഐയും സൈനികനായ വിഷ്ണുവും തമ്മിലുണ്ടായ തർക്കത്തിന്‍റെ പേരിലാണ് ഇരുവർക്കുമെതിരെ കള്ളക്കേസ് ചമച്ചത്. ലഹരി കടത്ത് കേസിൽ പ്രതികളെ കാണാനായി എത്തിയ രണ്ട് യുവാക്കൾ പോലീസ് സ്റ്റേഷനിൽ അതിക്രമിച്ച് കയറി എഎസ്ഐയെ ആക്രമിക്കുന്നു എന്ന തരത്തിൽ വാർത്ത പുറത്തു വിടുകയും പിന്നാലെ കേസെടുക്കുകയും ആയിരുന്നു.
കേസ് കെട്ടിച്ചമച്ചാണ് യുവാക്കളെ മര്‍ദ്ദിച്ചതെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് കണ്ടെത്തിയിട്ടും ആദ്യം കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിച്ചിരുന്നില്ല. സിഐയും എസ്ഐയും യുവാക്കളെ മര്‍ദ്ദിച്ചിട്ടില്ലെന്നായിരുന്നു കൊല്ലം സിറ്റി പോലീസ് കമ്മീഷണറുടെ റിപ്പോര്‍ട്ട്. എസ്ഐ അടക്കം നാല് പേരെ അവരുടെ വീടിന് അടുത്തുള്ള പോലീസ് സ്റ്റേഷനിലേക്ക് സ്ഥലം മാറ്റുക മാത്രമാണ് ഉണ്ടായത്. സിഐ കെ വിനോദിനെതിരെ നടപടിയൊന്നും ഉണ്ടായതുമില്ല. ഇതിന് പിന്നാലെ പ്രതിഷേധം രൂക്ഷമായി. മറ്റ് മാര്‍ഗങ്ങളില്ലാതെ വന്നതോടെയാണ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തത്. സിഐ കെ.വിനോദ്, എസ്ഐ അനീഷ് ,ഗ്രേഡ് എസ്ഐ പ്രകാശ് ചന്ദ്രൻ , സിപിഒ മണികണ്ഠൻ പിള്ള എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.