ന്യൂഡൽഹി: യൂണിഫോമിലല്ലാത്ത സമയത്ത് ഔദ്യോഗിക തോക്കുപയോഗിച്ച് സാധാരണക്കാരെ വെടിവെച്ചുകൊല്ലുന്നത് പോലീസിന്റെ ഡ്യൂട്ടിയായി കാണാനാവില്ലെന്ന് സുപ്രീംകോടതി. സംഭവത്തിൽ പ്രതികളായ പോലീസുദ്യോഗസ്ഥരെ വിചാരണ ചെയ്യാൻ ക്രിമിനൽ നടപടിച്ചട്ടത്തിലെ 197-ാം വകുപ്പ് പ്രകാരമുള്ള അനുമതിയുടെ ആവശ്യമില്ലെന്നും സുപ്രീംകോടതി പറഞ്ഞു. പഞ്ചാബ് പോലീസ് ഒരാളെ വ്യാജ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയെന്ന കേസിലാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. പഞ്ചാബ് പോലീസ് 2015-ൽ ഒരു ഗുണ്ടാത്തലവനെ ഏറ്റുമുട്ടലിൽ വധിച്ചതുമായി ബന്ധപ്പെട്ട കേസാണിത്. സ്വയംപ്രതിരോധത്തിന്റെ ഭാഗമായി വെടിയുതിർത്തെന്നാണ് പോലീസിന്റെ വാദം.
ആയുധ നിയമമുൾപ്പെടെ ചുമത്തി സംഭവത്തിൽ പോലീസ് എഫ്‌ഐആറും രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ, ഇത് വ്യാജ ഏറ്റുമുട്ടലായിരുന്നെന്നുകാട്ടി കൊല്ലപ്പെട്ടയാളുടെ സുഹൃത്ത് 2016-ൽ പരാതി നൽകി. ഒമ്പത് പോലീസുകാർക്കെതിരേയാണ് പരാതി നൽകിയത്. ഡിസിപിക്കെതിരേയും പരാതിയുണ്ടായിരുന്നു.സംഭവത്തിൽ പോലീസിന്റെ വാദം തെറ്റാണെന്ന് പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) കണ്ടെത്തി. ഒമ്പത് പോലീസുകാർക്കെതിരേയും വിചാരണക്കോടതി കുറ്റം ചുമത്തി. ഒമ്പത് പോലീസുകാർക്കെതിരേയുമുള്ള കുറ്റങ്ങൾ 2019-ൽ ഹൈക്കോടതി ശരിവെച്ചെങ്കിലും ഡിസിപിക്കെതിരായ നടപടി റദ്ദാക്കി.
ഡിസിപിക്കെതിരായ നടപടിക്ക് ക്രിമിനൽ നടപടിച്ചട്ടത്തിന്റെ 197-ാം വകുപ്പ് പ്രകാരം മുൻകൂർ അനുമതി വേണമെന്നായിരുന്നു ഹൈക്കോടതിയുടെ കണ്ടെത്തൽ. കുറ്റം ചുമത്താനുള്ള ഉത്തരവ് ചോദ്യംചെയ്ത് പോലീസുകാരും ഡിസിപിക്കെതിരായ നടപടികൾ റദ്ദാക്കിയതിനെതിരേ പരാതിക്കാരനും സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. പോലീസുകാരുടെ അപ്പീൽ തള്ളിയ സുപ്രീംകോടതി, അവർ വിചാരണ നേരിടണമെന്ന ഹൈക്കോടതി നിലപാട് ശരിവെച്ചു. പരാതിക്കാരന്റെ വാദം അംഗീകരിച്ച് ഡിസിപിക്കെതിരായ നടപടികൾക്ക് മുൻകൂർ അനുമതിവേണമെന്ന ഹൈക്കോടതി നിലപാട് സുപ്രീംകോടതി തള്ളി. നമ്പർപ്ലേറ്റ് മാറ്റി തെളിവ് നശിപ്പിക്കാൻ നോക്കിയതിന് ക്രിമിനൽ നടപടിച്ചട്ടത്തിന്റെ 197-ാം വകുപ്പ് പ്രകാരമുള്ള സംരക്ഷണം ലഭിക്കില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.