കൊല്ലം : വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഭർത്താവും അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറുമായ കിരൺ കുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാൾക്കെതിരേ ഗാർഹിക പീഡന നിരോധന നിയമപ്രകാരമുള്ള കുറ്റം ചുമത്തുമെന്ന് പോലീസ് പറഞ്ഞു. വിസ്മയയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് മറ്റു വകുപ്പുകൾ ചുമത്തുന്നത് പരിശോധിക്കുമെന്നും പോലീസ് പറഞ്ഞു.
വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമാണ് കിരൺ കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് മണിക്കൂറുകളോളം ചോദ്യം ചെയ്ത ശേഷം ചൊവ്വാഴ്ച രാവിലെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. വിസ്മയയെ താൻ മുമ്പ് മർദിച്ചിട്ടുണ്ടെന്നും വിസ്മയ അയച്ച ചിത്രങ്ങളിലുള്ളത് മുമ്പ് മർദിച്ചതിന്റെ പാടുകളാണെന്നും ഇയാൾ മൊഴി നൽകി.
തിങ്കളാഴ്ച പുലർച്ചെ വിസ്മയയുമായി വഴക്കിട്ടിരുന്നു. വഴക്കിന് ശേഷം വീട്ടിൽ പോകണമെന്ന് വിസ്മയ പറഞ്ഞു. പിന്നീട് മാതാപിതാക്കൾ ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്. ഇതിനുശേഷമാണ് വിസ്മയ ജീവനൊടുക്കിയതെന്നും കിരൺ കുമാർ പോലീസിനോട് പറഞ്ഞു. വഴക്കിന് ശേഷം ശൗചാലയത്തിൽപോയ വിസ്മയ ഏറെനേരം കഴിഞ്ഞിട്ടും പുറത്തുവന്നില്ല. 20 മിനിറ്റ് കഴിഞ്ഞിട്ടും ഭാര്യ പുറത്തുവരാതിരുന്നതിനാൽ വാതിൽ ചവിട്ടിത്തുറന്നെന്നും അപ്പോഴാണ് ജീവനൊടുക്കിയ നിലയിൽ കണ്ടതെന്നും കിരൺ മൊഴി നൽകിയിട്ടുണ്ട്. അതേസമയം കേസിൽ കിരണിന്റെ ബന്ധുക്കളെയും ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു. നേരത്തെ കിരണിന്റെ അമ്മ വിസ്മയയെ മർദിച്ചതായി വിസ്മയയുടെ മാതാപിതാക്കൾ ആരോപണം ഉന്നയിച്ചിരുന്നു.