ലഖ്നൗ : ഉത്തർപ്രദേശിലെ ലഖ്നൗവിൽ കർഷക മഹാ പഞ്ചായത്ത് തുടങ്ങി. സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിലാണ് പരിപാടി. വിവിധ അവശ്യങ്ങൾ ഉന്നയിച്ച് കർഷകർ പ്രധാമന്ത്രിയ്ക്ക് കത്ത് അയച്ചതിന് പിന്നാലെയാണ് മഹാപഞ്ചായത്ത് ചേരുന്നത്. കാർഷിക നിയമങ്ങൾ പിൻവലിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് ശേഷമുള്ള കർഷകരുടെ ആദ്യ പ്രതിഷേധ പരിപാടിയാണ് ലഖ്നൗവിലെ കർഷക മഹാ പഞ്ചായത്ത്.
ഉത്തർപ്രദേശിലെ വാരണാസിയിലും മുസഫർ നഗറിനും ശേഷമാണ് യുപി തലസ്ഥാനത്തേക്ക് മഹാ പഞ്ചായത്തുമായി കർഷകർ എത്തിയത്. താങ്ങുവില സംബന്ധിച്ച് നിയമ പരിരക്ഷ ഉറപ്പാക്കണം, സമരത്തിൽ മരിച്ച കർഷകരുടെ കുടുംബത്തിന് സഹായധനം നൽകണം, കർഷകർക്ക് എതിരെയുള്ള കേസുകൾ പിൻവലിക്കണം, കേന്ദ്ര ആഭ്യന്തര സഹ മന്ത്രി അജയ് മിശ്രയെ മന്ത്രി സഭയിൽ നിന്ന് പുറത്താക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഇന്നത്തെ കർഷക മഹാ പഞ്ചായത്ത്. ഈ ആവശ്യങ്ങളിൽ ചർച്ച വേണമെന്ന് ആവശ്യപ്പെട്ട് സംയുക്ത കിസാൻ മോർച്ച കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയ്ക്ക് കത്ത് അയച്ചിരുന്നു.
രാവിലെ 10:30 ന് ആരംഭിച്ച യോഗത്തിൽ രാകേഷ് ടിക്കായത്ത് അടക്കമുള്ള നേതാക്കൾ പങ്കെടുക്കുന്നുണ്ട്. ഉത്തർപ്രദേശിൽ നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിയ്ക്കുന്ന സാഹചര്യത്തിൽ കർഷക മഹാ പഞ്ചായത്ത് ചേരുന്നത് ബിജെപിയെ രാഷ്ട്രീയമായി സമ്മർദ്ദത്തിലാക്കുന്നുണ്ട്. കാര്‍ഷിക നിയമങ്ങള്‍ പിൻവലിക്കാനുള്ള ബില്ലിന് ബുധനാഴ്ച ചേരുന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കുമെന്നാണ് സൂചന.