കോന്നി : രാജ്യത്തെ കർഷകരുടെയും തൊഴിലാളികളുടേയും താത്പര്യങ്ങൾ സംരക്ഷിക്കപ്പെടണമെന്ന് അഖിലേന്ത്യ കിസാൻ സഭ സംസ്ഥാന ജനറൽ സെക്രട്ടറി വി ചാമുണ്ണി പറഞ്ഞു. കോന്നിയിൽ കിസാൻ സഭ സംസ്ഥാന സമ്മേളന ഫണ്ട് ഏറ്റുവാങ്ങിയതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കൃഷിഭൂമി കൃഷിക്കാരന് സ്വന്തമാകുന്നതിനും ഭൂ പരിഷ്കരണ നിയമം പാസാക്കുന്നതിനും എല്ലാം മുന്നിട്ടിറങ്ങിയത് കിസാൻ സഭയാണ്. സംഘടനയുടെ സംസ്ഥാന സമ്മേളനം വലിയ മുന്നൊരുക്കത്തോടെയാണ് നടക്കുന്നത്. പഴയകാല നേതാക്കളേയും ആ കാലഘട്ടത്തേയും ഈ സമ്മേളനത്തിൽ പ്രത്യേകം അനുസ്മരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സി പി ഐ സംസ്ഥാന കൗൺസിലംഗം പി ആർ ഗോപിനാഥനിൽ നിന്നും അഖിലേന്ത്യ കിസാൻ സഭ സംസ്ഥാന ജനറൽ സെക്രട്ടറി വി ചാമുണ്ണി ഫണ്ട് ഏറ്റുവാങ്ങി. സി പി ഐ ജില്ലാ സെക്രട്ടറി എ പി ജയൻ, സി പി ഐ കോന്നി മണ്ഡലം അസിസ്റ്റൻ്റ് സെക്രട്ടറി കെ രാജേഷ്, സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് കമ്മറ്റിയംഗങ്ങളായ മലയാലപ്പുഴ ശശി, എം പി മണിയമ്മ, ജില്ലാ കൗൺസിലംഗങ്ങളായ എ ദീപകുമാർ, വി ശാന്തകുമാർ, കിസാൻ സഭ ജില്ലാ സെക്രട്ടറി ജിജി ജോർജ്ജ്, കിസാൻ സഭ സംസ്ഥാന കൗൺസിലംഗം അഡ്വ കെ എൻ സത്യാനന്ദപ്പണിക്കർ, മണ്ഡലം സെക്രട്ടേറിയേറ്റംഗം സന്തോഷ് കൊല്ലൻപടി, സി പി ഐ ഇളമണ്ണൂർ ലോക്കൽ സെക്രട്ടറി സുബാഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.