തിരുവനന്തപുരം : സെപ്‌തംബറോടെ കോവിഡ് രോഗികൾ ദിവസം 10,000 മുതൽ 20,000 വരെയാകാമെന്ന് മന്ത്രി കെ കെ ശൈലജ. സംസ്ഥാന സർക്കാർ നിയോഗിച്ച കോവിഡ് വിദഗ്‌ധ സമിതിയുടേതാണ് നിഗമനം. ആരോഗ്യ സംവിധാനങ്ങൾക്ക് താങ്ങാൻ കഴിയാത്ത വിധം വൈറസ് വ്യാപനം ഉണ്ടായാൽ മരണനിരക്ക് കൂടും. വ്യാപനം പരമാവധി തടയാനുള്ള പ്രവർത്തനം ആരോഗ്യ വകുപ്പ് ശക്തമാക്കിയിട്ടുണ്ട്. പ്രതിരോധ പ്രവർത്തനങ്ങൾക്ക് ശക്തി പകരാൻ കൂടുതൽ ആളുകൾ കോവിഡ് ബ്രിഗേഡിന്റെ ഭാഗമാകണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.
എണ്ണായിരത്തിലധികം ആരോഗ്യ പ്രവർത്തകരെ ഇതിനകം നിയമിച്ചു. എണ്ണൂറിലധികം പ്രഥമതല ചികിത്സാ കേന്ദ്രങ്ങളും സജ്ജമാണ്. കോവിഡ് ആശുപത്രികളും അടിസ്ഥാന സൗകര്യങ്ങളും വർധിപ്പിച്ചു. കൂടുതൽ സന്നദ്ധ പ്രവർത്തകരെ സജ്ജമാക്കാനാണ് കോവിഡ് ബ്രിഗേഡ് ആവിഷ്കരിച്ചത്. അലോപ്പതി, ആയുർവേദം, ഹോമിയോ, ദന്ത ഡോക്ടർമാർ, നേഴ്‌സുമാർ, പാരാമെഡിക്കൽ സ്റ്റാഫ്, എംഎസ്ഡബ്ല്യു, എംബിഎ, എംഎസ്‌സി, എംഎച്ച്എ ബിരുദധാരികൾ, സന്നദ്ധ സേവകർ എന്നിവർക്കെല്ലാം അവസരമുണ്ട്. ഭാവിയിൽ ‘മഹാമാരിയെ ജയിച്ച സമൂഹമായി’ അടയാളപ്പെടുത്താൻ പരമാവധി ആളുകൾ https://covid19jagratha.kerala.nic.in/ പോർട്ടലിൽ രജിസ്‌റ്റർ ചെയ്യണമെന്നും മന്ത്രി പറഞ്ഞു.