തിരുവനന്തപുരം: സി.എ.ജിക്ക് മറുപടിയുമായി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. സി.എ.ജി പറയുന്ന നികുതി കുടിശ്ശിക കേരളം ഉണ്ടായ കാലം മുതലുള്ളതെന്ന് മന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു. നികുതി കുടിശ്ശിയില്‍ 420 കോടി രൂപ പിരിച്ചെടുത്തു. പെന്‍ഷന്‍ അനര്‍ഹര്‍ക്ക് നല്‍കിയത് പരിഹരിച്ച് വരികയാണെന്നും മന്ത്രി പ്രസ്താവനയില്‍ വ്യക്തമാക്കി. സി.എ.ജി റിപ്പോര്‍ട്ടില്‍ 28258 കോടി രൂപയുടെ നികുതി കുടിശിക സംസ്ഥാനത്തുണ്ടെന്ന് വിശദീകരിച്ചിരുന്നു. ഈ കുടിശിക ഗതാഗത വകുപ്പ്, ജി.എസ്.ടി വകുപ്പ്, കെ.എസ്.ആര്‍.ടി.സി പോലുള്ള പൊതുമേഖല സ്ഥാപനങ്ങള്‍ രജിസ്ട്രേഷന്‍ വകുപ്പ്, കെ.എസ്.ഇ.ബി, പൊലീസ് വകുപ്പ് തുടങ്ങിയ പലവകുപ്പുകളുടെയും പൊതുമേഖല സ്ഥാപനങ്ങളുടെയും പലവര്‍ഷങ്ങളായുള്ള കുടിശികയാണ് എന്നാണ് ധനമന്ത്രി ചൂണ്ടിക്കാട്ടുന്നത്.
കേരള സംസ്ഥാനം രൂപികരിക്കപ്പെട്ട കാലം മുതലുള്ള കുടിശികകളാണ് ഇത്തരത്തില്‍ ക്യാരി ഓവര്‍ ചെയ്യപ്പെട്ടിട്ടുള്ളത് ഇത് മുന്‍ ഓഡിറ്റ് റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാണ്. മാത്രമല്ല 21798 കോടി രൂപയാണ് സര്‍ക്കാരിന് മുന്നില്‍ 2020-21 വര്‍ഷമുണ്ടായ കുടിശിക 2021-22 ആവുമ്പോഴേക്കും പിന്നെയും ഇതില്‍ വര്‍ധനവുണ്ടായെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 2021-2022 ആവുമ്പോഴേക്കും 6400 കോടി രൂപ അധിക കുടിശിക വന്നുവെന്നാണ് സി.എ.ജി റിപ്പോര്‍ട്ടിലുള്ളത്. ഇതിന് കാരണം പൊതു മേഖലാ സ്ഥാപനങ്ങളുടെ 1970 മുതലുള്ള വായ്പാ സഹായവും നാളിതുവരെയുള്ള അതിന്റെ പലിശയും ചേര്‍ത്ത് പുതിയ ഇനമാക്കി ചേര്‍ത്തതാണെന്ന് ധനമന്ത്രി പറഞ്ഞു.