കൊച്ചി: മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിന്റെ സമയക്രമം മാറ്റിയേക്കും. നാളെ ചേരുന്ന സാങ്കേതിക സമിതി യോഗത്തിലാകും അന്തിമതീരുമാനം. മന്ത്രി എ സി മൊയ്തീനുമായി പ്രദേശവാസികള്‍ നടത്തിയ യോഗത്തിലാണ് ധാരണ. ഗോള്‍ഡന്‍ കായലോരം, ജെയ്ന്‍ കോറല്‍ എന്നീ ഫ്‌ളാറ്റുകള്‍ ആദ്യം പൊളിക്കുന്നതിനാണ് ധാരണായായിരിക്കുന്നത്. ഇവ പൊളിക്കുമ്പോഴുള്ള പാരിസ്ഥിതിക ആഘാതം വിലയിരുത്തി മാത്രം ജനവാസ കേന്ദ്രങ്ങളിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുക എന്ന പരിസരവാസികളുടെ ആവശ്യമാണ് സര്‍ക്കാര്‍ അംഗീകരിച്ചത്. സാങ്കേതിക സമിതി ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തതിന് ശേഷമേ പരിസരവാസികള്‍ നടത്തുന്ന നിരാഹാര സമരം പിന്‍വലിക്കൂ.
എറണാകുളം ജില്ലാ കളക്ടറും സബ് കളക്ടറും മരട് നഗരസഭാ പ്രതിനിധികളും സമരക്കാരുടെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു. ആദ്യം ആല്‍ഫാ ടവേഴ്സും രണ്ടാമത് എച്ച് ടു ഒയും പൊളിക്കാനാണ് നിശ്ചയിച്ചിരുന്നത്. ഇവരണ്ടും ജനവാസ കേന്ദ്രത്തിലാണെന്നാണ് സമരക്കാര്‍ ചൂണ്ടിക്കാട്ടുന്നത്. ഫ്‌ളാറ്റുകള്‍ പൊളിക്കുമ്പോള്‍ പരിസരത്തെ വീടുകള്‍ക്കുണ്ടാകുന്ന കേടുപാടുകള്‍ക്ക് വിപണിമൂല്യത്തിനനുസരിച്ച് ഇന്‍ഷുറന്‍സ് തുക അനുവദിക്കണമെന്നായിരുന്നു മറ്റൊരു ആവശ്യം. ഇക്കാര്യവും അനുഭാവപൂര്‍വം പരിഹരിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കി.