കൊച്ചി : കോവിഡ് വ്യാപനത്തില്‍ സര്‍വ്വീസ് നിര്‍ത്തലാക്കിയതോടെ കൊച്ചി മെട്രോയുടെ വായ്പാ തിരിച്ചടവ് പ്രതിസന്ധിയില്‍. വായ്പ തിരിച്ചടയ്ക്കാനുള്ള സാവകാശം അനുവദിക്കാന്‍ ഫ്രഞ്ച് വികസന ഏജന്‍സിയോട് കേന്ദ്രസര്‍ക്കാര്‍ വഴി ആവശ്യപ്പെട്ടിരിക്കുകയാണ് കെഎംആര്‍എല്‍.
ടിക്കറ്റ്, ടിക്കറ്റ് ഇതരവരുമാനം എന്നിവ വഴി സാമ്പത്തിക സ്ഥിരത കൈവരിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്ന കൊച്ചി മെട്രോക്ക് കൊവിഡ് വരുത്തിയത് കനത്ത നഷ്ടമാണ്. ലോക്ക്ഡൗണ്‍ പ്രതിസന്ധിയില്‍ ടിക്കറ്റ് വരുമാനത്തിനൊപ്പം പരസ്യ വരുമാനവും ഇടിഞ്ഞു. മാര്‍ച്ച് 20 മുതല്‍ സര്‍വ്വീസ് പൂര്‍ണ്ണമായി നിര്‍ത്തിലാക്കിയതോടെ വിവിധ ബാങ്കുകളില്‍ നിന്നായി എടുത്ത വായ്പയുടെ തിരിച്ചടവുകളും മുടങ്ങി.
മെട്രോയുടെ നിര്‍മ്മാണത്തിനും വികസനത്തിനുമായി ഫ്രഞ്ച് വികസന ഏജന്‍സി, കനറാ ബാങ്ക്, എറണാകുളം ജില്ലാ സഹകരണ ബാങ്ക് തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്നാണ് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് വായ്പ എടുത്തിരിക്കുന്നത്. ഇതില്‍ ഫ്രഞ്ച് വികസന ഏജന്‍സിയില്‍ നിന്ന് മാത്രം 1500 കോടി രൂപയുടേതാണ് വായ്പ. ദിവസം കുറഞ്ഞത് 25 ലക്ഷം രൂപയോളം തിരിച്ചടവിന് വേണം. ഇതില്‍ മാര്‍ച്ച് മാസത്തെ ഒരു ഗഡു മാത്രമാണ് കെഎംആര്‍എല്ലിന് തിരിച്ചടയ്ക്കാനായത്.
1200-ഓളം ജീവനക്കാരാണ് കെഎംആര്‍എല്ലില്‍ ജോലിയെടുക്കുന്നത്. ഇതില്‍ 650ഓളം വരുന്ന കുടുംബശ്രീ താത്കാലിക ജീവനക്കാര്‍ക്ക് ഉള്‍പ്പടെ കെഎംആര്‍എല്‍ ആണ് ശമ്പളം നല്‍കുന്നത്. മെട്രോ സര്‍വ്വീസ് എന്ന് തുടങ്ങാനാകുമെന്നതില്‍ അനിശ്ചിതത്വം തുടരുന്നതോടെയാണ് കെഎല്‍ആര്‍എല്‍ സാവകാശത്തിനായി ശ്രമിക്കുന്നത്. പ്രതിസന്ധി ഗുരുതരമായ സാഹചര്യത്തിലാണ് വായ്പ തിരിച്ചടവിന് സാവകാശം തേടിയിരിക്കുന്നത്.