കൊച്ചി : കൊച്ചി മെട്രോയ്ക്കു വേണ്ടി എം.ജി. റോഡിലെ ഭൂമി ഏറ്റെടുത്തതില്‍ അഴിമതിയുണ്ടെന്ന കേസില്‍ മുന്‍ ജില്ലാ കളക്ടര്‍ എം.ജി. രാജമാണിക്യത്തിന് കുരുക്ക് മുറുകുന്നു. വിനയാകുന്നത് ശീമാട്ടിയുടെ എല്ലാ ആവശ്യവും നിയമ വിരുദ്ധമായി അംഗീകരിച്ചതാണ്. സെന്റിന് 82 ലക്ഷം രൂപയായിരുന്നു ഉടമയുടെ ആവശ്യം. വിട്ടുകൊടുക്കുന്ന ഭൂമി മെട്രോയുടെ ആവശ്യത്തിനു മാത്രമായി ഉപയോഗിക്കണമെന്നും കരാറില്‍ എഴുതിച്ചേര്‍ത്തു. സര്‍ക്കാരിനു ഭൂമി വിട്ടുകൊടുക്കുമ്പോള്‍ ഉടമയ്ക്ക് ഇത്തരം ആവശ്യമുന്നയിക്കാനോ അത് അംഗീകരിക്കാനോ നിയമം അനുശാസിക്കുന്നില്ല. എന്നാല്‍ ശീമാട്ടിയുടെ ആവശ്യത്തിന് എല്ലാം കളക്ടര്‍ വഴങ്ങി. ഈ സാഹചര്യത്തിലാണ് വിജിലന്‍സ് അന്വേഷണത്തിനു സര്‍ക്കാര്‍ അനുമതി നല്‍കിയത്.
അന്വേഷണം വേണമെന്നു മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിട്ടതിന്റെ അടിസ്ഥാനത്തിലാണു നടപടി. ഏറ്റെടുത്ത ഭൂമിയില്‍ പുറമ്പോക്കുമുണ്ടെന്ന ആരോപണവും അന്വേഷിക്കും. വിജിലന്‍സ് കോടതി കേസ് പരിഗണിക്കുന്ന ഫെബ്രുവരി നാലിനു മുമ്പ് റിപ്പോര്‍ട്ട് നല്‍കുന്നതിനായി തിരുവനന്തപുരം വിജിലന്‍സ് എസ്‌പി. ബൈജുവിന്റെ നേതൃത്വത്തില്‍ പരാതിക്കാരന്റെ മൊഴിയെടുക്കും. അതിവേഗ നടപടികളും തുടങ്ങും. എം.ജി. റോഡിലെ കണ്ണായഭൂമി ഏറ്റെടുക്കുന്നതിനെ സ്ഥലമുടമ എതിര്‍ത്തതോടെയാണു വിവാദമുയര്‍ന്നത്. വളഞ്ഞമ്പലംവരെ, എം.ജി. റോഡ് മേഖലയില്‍ ഉള്‍പ്പെടുന്ന ഭൂമി സെന്റിന് 52 ലക്ഷം രൂപയ്ക്കാണ് ഏറ്റെടുത്തത്. എന്നാല്‍ ഈ വില സ്ഥലമുടമ അംഗീകരിച്ചില്ല. തുടര്‍ന്ന് ഈ ഇടപാടിനായി പ്രത്യേക കരാറുണ്ടാക്കി. ഇതാണ് വിവാദമാകുന്നത്.
വിട്ടുകൊടുത്ത ഭൂമിയില്‍ 11 സെന്റ് പുറമ്പോക്കുണ്ടായിരുന്നെന്നും ഹര്‍ജിക്കാരനായ കളമശേരി സ്വദേശി ഗിരീഷ് ബാബു ചൂണ്ടിക്കാട്ടി. ഈ രണ്ടുവിഷയങ്ങളിലാണ് അന്വേഷണം. ഭൂവുടമയ്ക്കു സെന്റിന് 52 ലക്ഷം രൂപയാണു നല്‍കിയത്. എന്നാല്‍ കരാര്‍ പ്രകാരം ബാക്കി തുകയ്ക്കായി നിയമസഹായം തേടാന്‍ കഴിയും. ഇതും രാജമാണിക്യത്തിന് വിനയായി മാറും. ജില്ലാ ഭരണകൂടം ശീമാട്ടിക്ക് മാത്രമായി സെന്റിന് 80 ലക്ഷം രൂപ വില നിശ്ചയിച്ചതില്‍ അഴിമതിയുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
മെട്രോ നിര്‍മ്മാണത്തിനായി കൊച്ചി മാധവ ഫാര്‍മസി ജംഷനിലെ ശീമാട്ടിയുടെ ഭൂമി പിടിച്ചെടുക്കുന്നതില്‍ പ്രതിസന്ധി നിലനിന്നിരുന്നു. ഭൂമി വിട്ട് തരാന്‍ ശീമാട്ടി ആദ്യം തയ്യാറായിരുന്നില്ല. എന്നാല്‍ സാധാരണക്കാരുടെ സ്ഥലങ്ങള്‍ ഏറ്റെടുക്കുകയും ശീമാട്ടിയുടെ സ്ഥലം ഏറ്റെടുക്കാന്‍ മടികാണിക്കുകയും ചെയ്ത സര്‍ക്കാരിന്റെ നിലപാടിനെതിരെ പ്രതിഷധമുയര്‍ന്നു. സ്ഥലം വിട്ടുകൊടുക്കാതെ ജനവിരുദ്ധനയം സ്വീകരിച്ചിരുന്ന ശീമാട്ടിക്കെതിരെ സോഷ്യല്‍ മീഡിയകളില്‍ ഉയര്‍ന്ന വന്‍ പ്രതിഷേധങ്ങളെ തുടര്‍ന്ന് സ്ഥലം വിട്ടുകൊടുക്കാന്‍ ശീമാട്ടി ഉടമ ബീന കണ്ണന്‍ തയ്യാറാവുകയായിരുന്നു. ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തിലുള്ള റവന്യൂ ഉദ്യോഗസ്ഥരുടെ സംഘം ബിനാ കണ്ണനുമായി ചര്‍ച്ച നടത്തിയശേഷമാണ് അവര്‍ സമ്മതപത്രം നല്‍കിയത്. ആലുവ മുതല്‍ മഹാരാജാസ് ഗ്രൗണ്ട് വരെയുള്ള 16 കിലോമീറ്റര്‍ സ്ഥലത്ത് ശീമാട്ടിയുടെ 32 സെന്റ് സ്ഥലമാണ് വിട്ട് കിട്ടാനുണ്ടായിരുന്നത്.
പരസ്പര ചര്‍ച്ചകള്‍ ഫലവത്താകാത്തതിനെത്തുടര്‍ന്നാണ് ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരം നടപടിയെടുത്തത്. 2014 നവംബര്‍ 13 ന് ശീമാട്ടിയുമായി ഇനി ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് സാധ്യതയില്ലെന്ന് വ്യക്തമാക്കി കെ.എം.ആര്‍.എല്‍ പിന്മാറിയിരുന്നു. വസ്തു ബലമായി ഏറ്റെടുത്തു നല്‍കണമെന്ന് കാണിച്ച് ജില്ലാ കളക്ടര്‍ എം.ജി രാജമാണിക്യത്തിന് അന്നത്തെ കെ.എം.ആര്‍.എല്‍ എം.ഡി ഏലിയാസ് ജോര്‍ജ് നിര്‍ദ്ദേശവും നല്‍കി. എന്നാല്‍ പ്രശ്നം രമ്യമായി പരിഹരിക്കുന്നതിനുള്ള ശ്രമം ജില്ലാ ഭരണകൂടം തുടര്‍ന്നു. മൂന്നുമാസത്തെ ചര്‍ച്ചകള്‍ കൊണ്ടും ഫലമുണ്ടാകാത്ത പശ്ചാത്തലത്തിലാണ് സ്ഥലം വിട്ടുനല്‍കാന്‍ ഒരുമാസത്തെ സമയം അനുവദിച്ച് ജില്ലാ ഭരണകൂടം ശീമാട്ടിക്ക് നോട്ടീസ് നല്‍കിയത്.
എന്നാല്‍ മുന്‍ നിലപാടുകളില്‍ ഉറച്ചുനിന്ന ശീമാട്ടി മാനേജ്മെന്റ് സ്ഥലം സ്വമേധയാ വിട്ടുനല്‍കാന്‍ തയാറായില്ല. ഒരുമാസത്തെ കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ഭൂമി ബലമായി ഏറ്റെടുക്കുമെന്ന് കളക്ടര്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് ശീമാട്ടി മാനേജ്‌മെന്റ് വഴങ്ങിയത്. എം.ജി റോഡിലെ 32 സെന്റ് സ്ഥലം ഏറ്റെടുത്ത ഇടപാടില്‍ അഴിമതി നടന്നുവെന്ന് ചൂണ്ടിക്കാട്ടി അന്വേഷണം ആവശ്യപ്പെട്ട് ഗിരീഷ് ബാബുവാണ് വിജിലന്‍സ് കോടതിയെ സമീപിച്ചത്. ഭൂമി ഏറ്റെടുക്കുന്ന കാര്യത്തില്‍ ശീമാട്ടിക്കു വേണ്ടി അധികൃതര്‍ വഴി വിട്ടു പ്രവര്‍ത്തിച്ചു എന്നാണു ആരോപണം.
ഏറ്റെടുക്കുന്ന ഓരോ സെന്റ് ഭൂമിക്കും 80 ലക്ഷം രൂപ വീതം നഷ്ടപരിഹാരമായി ആവശ്യപ്പെടാന്‍ ശീമാട്ടിക്കു നിയമപരമായ അവകാശം ഉണ്ടെന്നായിരുന്നു കരാറില്‍ ഉള്‍പ്പെടുത്തിയിരുന്നത്. സംസ്ഥാന തല പര്‍ചെസിങ് കമ്മിറ്റി സെന്റിന് 52 ലക്ഷം രൂപയായി നിശ്ചയിച്ച സ്ഥാനത്തായിരുന്നു ശീമാട്ടിക്കു 80 ലക്ഷം രൂപ നല്‍കാന്‍ ധാരണയായത്. ധാരണാപത്രത്തിന് എതിരായി കൊച്ചി മെട്രോ റയില്‍ ലിമിറ്റഡ് മാനേജിങ് (കെ.എം.ആര്‍.എല്‍) രംഗത്തെത്തുകയും ധാരണാപത്രം മാറ്റിയെഴുതാന്‍ കളക്ടറോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതെല്ലാം രാജമാണിക്യത്തിന് കരുക്കായി മാറും.