കൊച്ചി: തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു ശേഷവും ഉദ്വേഗം അവസാനിക്കാതെ കൊച്ചി, തൃശൂര്‍ കോര്‍പറേഷന്‍ ഭരണം. ആര്‍ക്കും കേവല ഭൂരിപക്ഷമില്ലാത്ത രണ്ട് കോര്‍പറേഷനുകളിലും വിമതരുടെ നിലപാട് ഏറെ ശ്രദ്ധേയമാകും.
കൊച്ചി കോര്‍പറേഷനില്‍ 75 അംഗ ഭരണസമിതിയിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. ഇടതുപക്ഷമാണ് ഏറ്റവും വലിയ ഒറ്റകക്ഷി. എല്‍ഡിഎഫിന് 34 സീറ്റുകളുണ്ട്. കഴിഞ്ഞ പത്ത് വര്‍ഷമായി കോര്‍പറേഷന്‍ ഭരിക്കുന്ന യുഡിഎഫിന് 31 സീറ്റുകള്‍ മാത്രമാണുള്ളത്. ബിജെപി അഞ്ച് സീറ്റുകള്‍ നേടിയപ്പോള്‍ നാലിടത്ത് സ്വതന്ത്രരായി മത്സരിച്ച വിമതന്‍മാര്‍ ജയിച്ചു. കേവല ഭൂരിപക്ഷമില്ലെങ്കിലും നാല് ഡിവിഷനില്‍ ജയിച്ച വിമതന്‍മാരില്‍ ഒരാളുടെ പിന്തുണയുണ്ടെങ്കില്‍ എല്‍ഡിഎഫിന് കൊച്ചി ഭരിക്കാം. നാലു വിമതന്‍മാരുടെയും പിന്തുണ കിട്ടിയാല്‍ മാത്രമേ ഭരണം യുഡിഎഫിന് ലഭിക്കുകയുള്ളൂ. വിമതരുടെ പിന്തുണയോടെ കൊച്ചി പിടിക്കാമെന്നാണ് ഇടതുമുന്നണിയുടെ കണക്കു കൂട്ടല്‍. ഇതിനായുള്ള ചരടുവലികള്‍ എല്‍ഡിഎഫ് ആരംഭിച്ചു കഴിഞ്ഞു.
കോര്‍പറേഷനിലെ എല്‍ഡിഎഫ് മേയര്‍ സ്ഥാനാര്‍ഥി എം.അനില്‍കുമാറാണ്. എളമക്കര നോര്‍ത്ത് ഡിവിഷനില്‍ നിന്നാണ് അനില്‍ കുമാര്‍ മത്സരിച്ചു ജയിച്ചത്. എല്‍ഡിഎഫ് അധികാരത്തിലെത്തിയാല്‍ അനില്‍കുമാര്‍ മേയറാകും. തൃശൂര്‍ കോര്‍പറേഷന്‍ ഭരണവും ത്രിശങ്കുവിലാണ്. എല്‍ഡിഎഫിനാണ് കോര്‍പറേഷനില്‍ കൂടുതല്‍ സീറ്റുകള്‍. 24 ഡിവിഷനുകളില്‍ എല്‍ഡിഎഫിന് വിജയം. യുഡിഎഫിന് 23 ഡിവിഷനുകള്‍. ആറ് ഡിവിഷനുകളില്‍ ബിജെപി ജയിച്ചു. ആര്‍ക്കും കേവല ഭൂരിപക്ഷമില്ല. ഒരു ഡിവിഷനില്‍ സ്വതന്ത്ര സ്ഥാനാര്‍ഥി ജയിച്ചിട്ടുണ്ട്. ആര് ഭരിക്കണമെന്ന കാര്യത്തില്‍ സ്വതന്ത്രന്റെ നിലപാട് നിര്‍ണായകം.
നെട്ടിശേരി ഡിവിഷനില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയെ തോല്‍പ്പിച്ചായിരുന്നു കോണ്‍ഗ്രസ് വിമതന്‍ എം.കെ.വര്‍ഗീസ് ജയിച്ചു കയറിയത്. സിറ്റിങ് കൗണ്‍സിലറായിരുന്നു വര്‍ഗീസ്. ഇനി, കോര്‍പറേഷന്‍ ഭരണം ആര്‍ക്കു കിട്ടുമെന്ന കാര്യത്തില്‍ വര്‍ഗീസിന്റെ നിലപാടായിരിക്കും നിര്‍ണായകം. കോര്‍പറേഷനില്‍ ആരെ പിന്തുണയ്‌ക്കണമെന്ന് തനിക്ക് വോട്ട് ചെയ്‌ത ജനങ്ങള്‍ തീരുമാനിക്കുമെന്നാണ് വര്‍ഗീസ് പറയുന്നത്.
തൃശൂര്‍ കോര്‍പറേഷനില്‍ ഒരു ഡിവിഷനിലേക്ക് കൂടി വോട്ടെടുപ്പ് നടക്കാനുണ്ട്. ഇവിടെ ഇടത് സ്ഥാനാര്‍ഥി മരിച്ചതിനെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് നടക്കാതിരുന്നത്.