കൊച്ചി : വിവരാവകാശ ലംഘനം നടത്തിയ കൊച്ചി കോര്‍പ്പറേഷന് സംസ്ഥാന വിവരാവകാശ കമ്മീഷന്‍ 25,000 രൂപ പിഴ ശിക്ഷ വിധിച്ചു.വിവരാവകാശ നിയമം പ്രകാരം നല്‍കിയ ചോദ്യത്തിന് സമയബന്ധിതമായി മറുപടി നല്‍കുന്നതില്‍ വീഴ്ച്ച വരുത്തിയ കൊച്ചി കോര്‍പ്പറേഷന്‍ ഓഫീസിലെ വിവരാവകാശ ഓഫീസറായ എ ഹയറുന്നിസയ്ക്കാണ് സംസ്ഥാന വിവരാവകാശ കമ്മീഷന്‍ 25,000 രൂപ പിഴ ശിക്ഷ വിധിച്ചത്.
പള്ളുരുത്തി സ്വദേശി പി.എം ധനീഷിന്റെ വീടിനോട് ചേര്‍ന്ന് കോണം സ്വദേശി മുരളി എന്നയാള്‍ നടത്തിയ അനധികൃത നിര്‍മ്മാണം സംബന്ധിച്ച് വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ കൃത്യമായ മറുപടി നല്‍കാന്‍ വിവരാവകാശ ഓഫീസറോ അപ്പീല്‍ അധികാരിയോ തയ്യാറായില്ല. ഹിയറിംഗില്‍ വിവരാവകാശ ഓഫീസര്‍ നിയമം ലംഘിച്ചതായും, കുറ്റകരമായ അനാസ്ഥ കാട്ടിയതായും കമ്മീഷന്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിവരാവകാശ കമ്മീഷണര്‍ ഡോ.കെ.എല്‍ വിവേകാനന്ദന്‍ പിഴ വിധിച്ചത്. ശിക്ഷിക്കപ്പെട്ട ഹയറുന്നിസ തുക ട്രഷറിയില്‍ അടച്ചു രസീത് കമ്മീഷനില്‍ നല്‍കുകയും ചെയ്തു.