കോഴിക്കോട് : കൊടകര കുഴല്‍പ്പണ കേസിലെ പ്രതികളുടെ വീട്ടില്‍ അന്വേഷണ സംഘം റെയ്ഡ് നടത്തുന്നു. തട്ടിയെടുത്ത പണം കണ്ടെത്തുന്നതിനായാണ് പ്രതികളുടെ വീട്ടില്‍ റെയ്ഡ് നടത്തിയത്.
മൂന്നരക്കോടി രൂപ നഷ്ടപ്പെട്ടെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. ഇതില്‍ ഒരു കോടി രൂപമാത്രമാണ് കണ്ടെത്തിയത്. ബാക്കി രണ്ടരക്കോടി കണ്ടെത്തുന്നതിന്റെ ഭാഗമായാണ് റെയ്ഡ്. കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലായി 12 പ്രതികളുടെ വീട്ടിലാണ് റെയ്ഡ് നടക്കുന്നത്. പുലര്‍ച്ചയോടെ കോഴിക്കോട് ജില്ലയിലെ റെയ്ഡ് അവസാനിച്ചിട്ടുണ്ട്. കേസിലെ മുഖ്യപ്രതികളായ കൂത്തുപറമ്പ് സ്വദേശി മുഹമ്മദ് അലി, കണ്ണൂര്‍ ഇരിട്ടി സ്വദേശി റഹീം എന്നിവരുടെ വീടുകളില്‍ റെയ്ഡ് നടക്കുന്നുണ്ട്.
മൂന്നരക്കോടി രൂപയോളം വരുന്ന കുഴല്‍പ്പണവുമായി കര്‍ണാടകയില്‍ നിന്നെത്തിയ സംഘത്തിന് തൃശൂരില്‍ ഹോട്ടല്‍ മുറിയെടുത്തു നല്‍കിയത് ബിജെപി ജില്ലാ നേതാക്കളാണെന്ന് ഹോട്ടല്‍ ജീവനക്കാര്‍ മൊഴി നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ പണമിടപാടുമായി ബിജെപി നേതാക്കള്‍ക്ക് നേരിട്ടു ബന്ധമുണ്ടെന്നാണ് പോലിസ് കരുതുന്നത്.
ബി.ജെ.പി തൃശൂര്‍ ജില്ലാ ഓഫീസ് സെക്രട്ടറി സതീശനെ ഇന്ന് പോലിസ് ചോദ്യം ചെയ്യും. കേസില്‍ ബി.ജെ.പി തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി കെ. ആര്‍ ഹരി, ട്രഷറര്‍ സുജയ് സേനന്‍, ആലപ്പുഴ ജില്ലാ ട്രഷറര്‍ കെ. ജി കര്‍ത്ത, സംസ്ഥാന സംഘടന സെക്രട്ടറി എം. ഗണേശന്‍, മേഖല സെക്രട്ടറി ജി. കാശിനാഥന്‍, സംസ്ഥാന ഓഫീസ് സെക്രട്ടറി ജി. ഗിരീഷ് എന്നിവരെയും അന്വേഷണ സംഘം ഇതിനകം വിളിപ്പിച്ച് മൊഴിയെടുത്തിട്ടുണ്ട്.