തൃശൂര്‍ : കൊടകര കുഴല്‍പ്പണ കവര്‍ച്ച കേസില്‍ നിര്‍ണായക വഴിത്തിരിവ്. കേസിലെ ആറാം പ്രതി മാര്‍ട്ടിന്റെ വീട്ടില്‍ നിന്ന് ഒന്‍പതു ലക്ഷം രൂപ കണ്ടെടുത്തു. മാര്‍ട്ടിന്റെ തൃശൂര്‍ വെള്ളാങ്ങന്നൂരിലെ വീട്ടില്‍ നിന്നാണ് പണം കണ്ടെത്തിയത്. മെറ്റലിനുള്ളിലാണ് പണം സൂക്ഷിച്ചിരുന്നത്. ഇത് കുഴല്‍പ്പണം കവര്‍ന്നതാണെന്നാണ് പോലിസ് നിഗമനം.
കവര്‍ച്ചക്ക് ശേഷം മാര്‍ട്ടിന്‍ ഇന്നോവ കാറും മൂന്നര ലക്ഷം രൂപയുടെ സ്വര്‍ണവും വാങ്ങിയതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. കൂടാതെ നാലു ലക്ഷം രൂപ ബാങ്കിലും അടച്ചിട്ടുണ്ട്. കവര്‍ച്ച നടത്തിയ മൂന്നര കോടിയില്‍ ഒരു കോടിയിലധികം രൂപ വരെ ഇതുവരെ അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ബാക്കി തുക കൂടി കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.
അതേസമയം കുഴല്‍പണ കവര്‍ച്ച കേസില്‍ ബി.ജെ.പി ആലപ്പുഴ ജില്ല ട്രഷറര്‍ കെ.ജി. കര്‍ത്തയെ ഇന്ന് ചോദ്യം ചെയ്യുകയാണ്. ആലപ്പുഴ പോലിസ് ട്രെയിനിങ് സെന്ററില്‍വെച്ച് പ്രത്യേക അന്വേഷണ സംഘം ഡിവൈ.എസ്.പി വി.കെ. രാജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്യുന്നത്. പണം ആലപ്പുഴയിലെത്തിച്ചു കര്‍ത്തക്കു കൈമാറാനായിരുന്നു നിര്‍ദേശമെന്ന് അറസ്റ്റിലായ പ്രതികളില്‍നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണു ചോദ്യം ചെയ്യല്‍.
പണം കൊണ്ടു പോകുന്നതിന്റെ ഉത്തരവാദിത്തമുണ്ടായിരുന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കോഴിക്കോട് സ്വദേശി ധര്‍മരാജനുമായി കവര്‍ച്ച നടന്ന ദിവസം അടക്കം പലതവണ കര്‍ത്ത ബന്ധപ്പെട്ടതിന്റെ വിവരങ്ങളും പോലിസിനു ലഭിച്ചെന്നാണു വിവരം.
നേരത്തേ അറിയിച്ചിട്ടും വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാത്ത ബി.ജെ.പി സംഘടന സെക്രട്ടറി ഗണേശന്‍, ഓഫിസ് സെക്രട്ടറി ഗിരീഷ് എന്നിവര്‍ ഇന്ന് ഹാജരായേക്കും. ഇവരോട് ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ആര്‍.എസ്.എസ് നേതൃത്വം നിര്‍ദേശിച്ചുവെന്നാണ് അറിയുന്നത്. ഏപ്രില്‍ മൂന്നിനു പുലര്‍ച്ചെയാണ് കൊടകരയില്‍ കുഴല്‍പ്പണ കവര്‍ച്ച നടന്നത്. 25 ലക്ഷം രൂപ നഷ്ടപ്പെട്ടതായാണു പരാതി പോലിസിനു ലഭിച്ചതെങ്കിലും ഇതുവരെ ഒരു കോടിയിലേറെ രൂപ കണ്ടെടുത്തിട്ടുണ്ട്.