കണ്ണൂ : കൊടി സുനി വിയ്യൂർ ജയിലിലെ സൂപ്രണ്ടന്‍റാണെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരന്‍റെ പരിഹാസം. കൊടി സുനിയെ ഏത് ജയിലിലാണോ താമസിപ്പിക്കുന്നത് ആ ജയിലിലെ സൂപ്രണ്ടന്‍റ് ആണ് അയാൾ. ഭക്ഷണത്തിന്‍റെ മെനു മുതൽ എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നത് കൊടി സുനിയാണെന്നും സുധാകരൻ പറഞ്ഞു. കൊടി സുനിക്ക് ഫോൺ ചെയ്യാനുള്ള സൗകര്യം ജയിലുകളിലുണ്ട്. ഇക്കാര്യത്തിൽ ഞങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തിൽ കണ്ണൂർ ജയിലിൽ പരിശോധന നടത്തിയ ജയിൽ ഡി.ജി.പിക്ക് ഫോൺ അടക്കമുള്ള സാധനങ്ങൾ ലഭിച്ചിരുന്നു.
ഇടത് ഭരണത്തിൽ എല്ലാ സുഖസൗകര്യങ്ങളോടെയാണ് കൊടി സുനി ജയിലിൽ കഴിയുന്നത്. ജയിൽ ഇവർക്ക് സുഖവാസ കേന്ദ്രമാണ്. ഇക്കാര്യം മാലോകർക്കും അറിയാം. വിവിധ പ്രസ്ഥാനങ്ങളും മാധ്യമങ്ങളും ഉന്നയിക്കുന്ന ആരോപണം കേട്ടില്ലെന്ന ഭാവത്തോടെ പോകുന്ന അന്ധനും ബധിരനുമായ കേരളത്തിലെ ഭരണാധികാരികളോട് ഇക്കാര്യം പറഞ്ഞിട്ട് കാര്യമില്ലെന്നും സുധാകരൻ കുറ്റപ്പെടുത്തി.
ഭരണാധികാരികളുടെ ഒത്താശയോടെയാണ് ഇതെല്ലാം നടക്കുന്നത്. സൗകര്യങ്ങൾ ചെയ്ത് കൊടുക്കുന്നവരോട് പരാതി പറഞ്ഞിട്ട് കാര്യമില്ല. ഒാരോ വിഷയത്തിലും മുഖ്യമന്ത്രി അദ്ദേഹത്തിന്‍റെ ഇഷ്ടാനിഷ്ടം നോക്കിയാണ് പ്രതികരിക്കുന്നത്. തടവുകാരിൽ വേർതിരിവ് പാടുണ്ടോ, സർക്കാറിന്‍റെ അതിഥികളായി തടവുകാരെ തീറ്റി പോറ്റുന്നത് ശരിയാണോ, ഇത് ജയിൽ നിയമത്തിന് അനുസൃതമാണോ എന്ന് മുഖ്യമന്ത്രി പറയണമെന്നും കെ.സുധാകരൻ ആവശ്യപ്പെട്ടു