28.8 C
Pathanāmthitta
Tuesday, October 19, 2021 2:09 pm
Advertisment

‘ശരീരമാസകലം പരിക്കുകളും മൂത്രതടസ്സവും’ : കൊടി സുനിയുടെ ശത്രുവിന് ജയിലില്‍വെച്ച്‌ മര്‍ദ്ദനം

തൃശൂര്‍ : ജയിലിനുള്ളിലെ ഗുണ്ടാ കുടിപ്പക തുടരുന്നതിന് തെളിവായി വെളിപ്പെടുത്തല്‍. വിയ്യൂര്‍ അതിസുരക്ഷാ ജയിലിലാണ് അക്രമം ഉണ്ടാകുന്നത്. ജയിലിനുള്ളില്‍ തന്നെ വധിക്കാനുള്ള ക്വട്ടേഷന്‍ ഏറ്റെടുത്തയാളെന്നു കൊടി സുനി സംശയിക്കുന്ന ഗുണ്ടാനേതാവിനാണ് മര്‍ദ്ദനം ഏറ്റത്. ഇതോടെ കൊടി സുനിയുടെ ടീമും സജീവമായി എന്നാണ് സൂചന.

വരടിയം സിജോ വധക്കേസിലെ മുഖ്യപ്രതിയായ കുറ്റൂര്‍ ഈച്ചരത്ത് പ്രതീഷ് (28) ആണു കുന്നംകുളം കോടതിയില്‍ പരാതി ഉന്നയിച്ചത്. ശരീരമാസകലം പരുക്കുണ്ടെന്നും മൂത്രതടസ്സമുണ്ടെന്നും ജഡ്ജിയോടു പ്രതീഷ് പരാതിപ്പെട്ടു. വൈദ്യപരിശോധനയ്ക്കു ശേഷം പ്രതിയെ ചാവക്കാട് സബ് ജയിലിലേക്കു മാറ്റാന്‍ കോടതി ഉത്തരവിട്ടു. എന്നാല്‍, അതിസുരക്ഷാ ജയിലില്‍നിന്നു മാറാനുള്ള പ്രതിയുടെ നീക്കമാണു മര്‍ദന പരാതിക്കു പിന്നിലെന്നു സംശയിക്കുന്നതായി ജയില്‍ അധികൃതര്‍ പ്രതികരിച്ചു. ഏതായാലും ഇക്കാര്യത്തില്‍ വിശദ പരിശോധന നടക്കും. കൊടി സുനിയും നിലവില്‍ അതിസുരക്ഷാ ജയിലിലാണ് ഉള്ളത്.

ഫ്‌ളാറ്റ് കൊലപാതകക്കേസിലെ പ്രതി റഷീദിന്റെ കൂട്ടാളിയായി അടുത്തകാലം വരെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലായിരുന്നു പ്രതീഷിന്റെ താമസം. മൊബൈല്‍ ഫോണ്‍ പിടികൂടിയതോടെ അതിസുരക്ഷാ ജയിലിലേക്കു മാറ്റി. റഷീദിനൊപ്പം ചേര്‍ന്നു തന്നെ വധിക്കാനുള്ള ക്വട്ടേഷന്‍ ഏറ്റെടുത്തതായി കൊടി സുനി ആരോപിക്കുന്നവരുടെ കൂട്ടത്തില്‍ പ്രധാനിയാണു പ്രതീഷ്. വെള്ളിയാഴ്ച വിഡിയോ കോണ്‍ഫറന്‍സ് വഴി കോടതിയില്‍ ഹാജരാക്കുമ്പോഴാണു പ്രതീഷ് പരാതി ഉന്നയിച്ചത്.

താന്‍ അവശനാണെന്നും കോടതിയോടു ചില രഹസ്യ വിവരങ്ങള്‍ അറിയിക്കാനുണ്ടെന്നും പ്രതീഷ് പറഞ്ഞു. ഇതോടെ പ്രതിയെ നേരിട്ടു ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. ഇതോടെ പ്രതീഷിനെ കോടതിയില്‍ എത്തിച്ച് വെളിപ്പെടുത്തലും നടത്തി. കഞ്ചാവ് വില്‍പ്പന എക്സൈസിന് ഒറ്റിക്കൊടുത്ത എതിര്‍സംഘത്തിലെ രണ്ടു പേരെ പിക്കപ്പ് വാന്‍ ഇടിച്ചു വീഴ്‌ത്തി വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് പ്രതീഷ്.

അവണൂര്‍ വരടിയം തെക്കേതുരുത്ത് തുഞ്ചന്‍ നഗര്‍ ബസ് സ്റ്റോപ്പിന് സമീപം താമസിക്കുന്ന ചിറയത്ത് വീട്ടില്‍ ജയിംസിന്റെ മകന്‍ സിജോയാണ് (28) ദേഹമാസകലം വെട്ടേറ്റ് ദാരുണമായി കൊല്ലപ്പെട്ടത്. ഇരട്ടക്കൊലപാതകത്തെ തുടര്‍ന്നുള്ള കുടിപ്പകയാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസിന്റെ നിഗമനം. അവണൂര്‍ മണിത്തറ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിന് സമീപമായിരുന്നു അക്രമം. സുഹൃത്തിന്റെ വീട്ടില്‍ നിന്ന് രണ്ട് ബൈക്കുകളിലായി മടങ്ങുകയായിരുന്ന സിജോ അടക്കമുള്ള അഞ്ചംഗ സംഘത്തെ രണ്ട് മാരുതി സ്വിഫ്റ്റ് കാറുകളിലെത്തിയ അക്രമി സംഘം ഇടിച്ച്‌ തെറിപ്പിക്കുകയായിരുന്നു.

താഴെ വീണ സിജോയെ മാത്രം തെരഞ്ഞ് പിടിച്ച്‌ വലിച്ചിഴച്ച്‌ കൊണ്ടുവന്ന് വടിവാളും മാരകായുധങ്ങളും ഉപയോഗിച്ച്‌ തലങ്ങും വിലങ്ങും വെട്ടിക്കൊല്ലുകയായിരുന്നു. ഇതിനിടെ സിജോയുടെ ഒപ്പമുണ്ടായിരുന്ന വരടിയം സ്വദേശി രാജേഷിന് പരിക്കേറ്റു. മറ്റുള്ളവര്‍ ഓടി രക്ഷപ്പെട്ടു. ജാമ്യത്തിലിറങ്ങിയ ശേഷം സ്വകാര്യ ബസില്‍ ജീവനക്കാരനായി ജോലി ചെയ്യുകയായിരുന്നു സിജോ. സിജോയെ കൊല്ലാനുള്ള പദ്ധതി തയ്യാറാക്കിയത് പ്രതീഷിന്റെ നേതൃത്വത്തിലാണ്.

പ്രതീഷ് കൊല്ലപ്പെട്ട ശ്യാമിന്റെ സുഹൃത്തും അനുയായിയുമായിരുന്നു. കൊല്ലപ്പെട്ട സിജോയെ സംഭവസ്ഥലത്തേക്ക് വിളിച്ചുവരുത്തിയാണ് കൃത്യം ചെയ്തതെന്നും സുഹൃത്തിന്റെ കൊലപാതകത്തെ തുടര്‍ന്നുള്ള വൈരാഗ്യവും സിജോയുമായുള്ള കഞ്ചാവ് കച്ചവടത്തിലെ തര്‍ക്കങ്ങളുമാണു കൊലപാതകത്തിനു കാരണമെന്നും പ്രതി പോലീസിനോട് സമ്മതിച്ചിരുന്നു.

- Advertisment -
Advertisment
Advertisment
- Advertisment -
- Advertisment -

Most Popular