പത്തനംതിട്ട : അച്ഛനും മകനും ചേര്‍ന്ന് മധ്യവയസ്കനെ കൊല്ലാന്‍ ശ്രമിച്ച കേസില്‍ രണ്ടാം പ്രതിയും അറസ്റ്റില്‍. കൊടുമണ്‍ രണ്ടാംകുറ്റി മഠത്തിനാല്‍ വീട്ടില്‍ നാരായണനെയാണ് (75) കൊടുമണ്‍ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഡിസംബര്‍ നാലിനാണ് കേസിനാസ്പദമായ സംഭവം. കൊടുമണ്‍ ചാങ്കൂര്ത്തറ തട്ടാശേരിയില്‍ വീട്ടില്‍ അനില്‍കുമാറി (53) നെ അച്ഛനും മകനും ചേര്‍ന്ന് മുന്‍വൈരാഗ്യം കാരണം ചാങ്കൂര്ത്തറയില് വച്ച് മര്‍ദിച്ച് ഗുരുതരമായി പരിക്കേല്പിച്ചിരുന്നു. സ്കൂട്ടറില്‍ പോകവേ അനില്‍ കുമാറിനെ പ്രതികള്‍ തടഞ്ഞുനിര്‍ത്തി അസഭ്യം വിളിക്കുകയും മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തില്‍ അനില്‍കുമാറിന് ഗുരുതരമായി പരിക്കേറ്റിരുന്നു.
ഒന്നാം പ്രതിയും രണ്ടാം പ്രതിയുടെ മകനുമായ കൊടുമണ്‍ രണ്ടാംകുറ്റി മഠത്തിനാല്‍ വീട്ടില്‍ ഷിബു (40) വിനെ അന്നു രാത്രി തന്നെ പോലീസ് അറസ്റ്റ് ചെയ്തു. മകന് പിടിയിലായതോടെ നാരായണന് ഒളിവില്‍ പോവുകയായിരുന്നു. തുടര്‍ന്ന്, ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്റെ നിര്‍ദേശപ്രകാരം അന്വേഷണം ഊര്‍ജിതമാക്കിയ പോലീസ്, ഇന്നലെ രാത്രി ഇയാളെ കൊടുമണ്‍ പ്ലാവേലില്‍ പുതുമലയില്‍ നിന്നും പിടികൂടുകയായിരുന്നു. പോലീസ് ഇന്‍സ്പെക്ടര്‍ മഹേഷ് കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് എസ്ഐ അനൂപ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പിടികൂടിയത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.